പമ്പിലെത്തി പെട്രോൾ അടിക്കാൻ ഇനി കാർഡും ക്യാഷും കയ്യിൽ വേണ്ട…ഇനി പണം….
ഇന്ധനം നിറയ്ക്കുമ്പോൾ നിലവിൽ കാർഡുകൾ ഉപയോഗിച്ചോ അല്ലെങ്കിൽ നേരിട്ട് പണം നൽകുകയോ ആണ്
ഉപയോക്താക്കൾ ചെയ്യുന്നത്. ഇതിന് പകരം കാർ തന്നെ പണം നൽകിയിരുന്നെങ്കിൽ ആ ജോലി ഭാരം
കുറഞ്ഞേനെയെന്ന് ചിലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകാം. ഇപ്പോഴിതാ ഇന്ധനം നിറയ്ക്കുമ്പോൾ കാർ തന്നെ സ്വയം പണം നൽകുന്ന സംവിധാനം എത്തുന്നു. കാർഡും മൊബൈൽ ഫോണും കൈവശം ഇല്ലെങ്കിൽ കൂടി പേ ബൈ കാർ എന്ന ഓപ്ഷൻ ഉപയോഗിച്ച് ഈ സാങ്കേതിക വിദ്യയിലൂടെ ഇനി പെട്രോൾ പമ്പിൽ പണം അടയ്ക്കാനാകും.
ആമസോണും മാസ്റ്റർകാർഡും ചേർന്ന് രൂപം നൽകിയ ടോൺ ടാഗ് എന്ന കമ്പനിയാണ് ഇത് സംബന്ധിച്ച
പരീക്ഷണത്തിലേക്ക് കടക്കുന്നത്. യുപിഐ അടിസ്ഥാനമാക്കിയാകും ഇത് സജ്ജമാക്കുക. കാറിന്റെ
ഇൻഫോടെയ്ൻമെന്റ് സംവിധാനവുമായി ബന്ധിപ്പിച്ചാകും ഇടപാട് സാദ്ധ്യമാക്കുക. ഭാരത് പെട്രോളിയവുമായി ചേർന്ന് എംജി ഹെക്ടർ ഇതിന്റെ സാങ്കേതിക വിദ്യ പരീക്ഷിച്ചിരുന്നു. പെട്രോൾ പമ്പിൽ എത്തിയാൽ കാറിന്റെ ഇൻഫോടെയ്ൻമെന്റ് സംവിധാനത്തിൽ ഇന്ധനം നിറയ്ക്കുന്നതിനുള്ള ഉപകരണത്തിന്റെ നമ്പർ കാണിക്കുന്നതായിരിക്കും.
ശേഷം പമ്പിലെ ജീവനക്കാരെ സൗണ്ട് ബോക്‌സിലൂടെ വാഹനത്തിന്റെ സാന്നിദ്ധ്യം അറിയിക്കും എത്ര രൂപയുടെ ഇന്ധനമാണ് നിറയ്‌ക്കേണ്ടത് എന്നത് സംബന്ധിച്ച വിവരം ഡ്രൈവർക്ക് സ്‌ക്രീനിൽ നൽകാവുന്നതാണ്. ഇത് സൗണ്ട് ബോക്‌സിലൂടെ പമ്പ് ജീവനക്കാരന് നിർദ്ദേശമായി നൽകും. കാറിന്റെ ഫാസ്ടാഗ് റീച്ചാർജ് ചെയ്യുന്നതിനും ഈ സംവിധാനം ഉപയോഗിക്കാനാകും.