പമ്പയില്‍ അനധികൃത പണപ്പിരിവ്….ബിജെപി നേതാക്കള്‍ക്കെതിരെ കേസ്..

പത്തനംതിട്ട: പമ്പയില്‍ അനധികൃത പണപ്പിരിവെന്ന് പരാതി. രണ്ട് ബിജെപി നേതാക്കള്‍ക്കെതിരെ പൊലീസ് കേസെടുത്തു. പമ്പ ക്ലോക്ക് റൂം കരാറുകാരനാണ് പരാതിക്കാരന്‍.പണം ചോദിച്ചെന്നും അത് നല്‍കാത്തതിന് ഭക്തരെ ഇളക്കിവിട്ട് പ്രതിഷേധമുണ്ടാക്കിയെന്നുമാണ് കരാറുകാരന്റെ പരാതി. 25000 രൂപയാണ് ആവശ്യപ്പെട്ടതെന്നും പരാതിയില്‍ പറയുന്നു. ബിജെപി റാന്നി മണ്ഡലം പ്രസിഡന്റ് സന്തോഷ് കുമാര്‍, ജനറല്‍ സെക്രട്ടറി അരുണ്‍ അനിരുദ്ധന്‍ എന്നിവര്‍ക്കെതിരെയാണ് പമ്പ പൊലീസ് കേസെടുത്തത്.

ഐപിസി 447, 294(ബി), 506, എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസ്. ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നുവെന്ന് ആരോപിച്ച് കഴിഞ്ഞ ദിവസം ഭക്തര്‍ പ്രതിഷേധിച്ചിരുന്നു. ഇവരെ ബിജെപി നേതാക്കള്‍ ഇളക്കിവിട്ടതാണെന്നാണ് ക്ലോക്ക് റൂം കരാറുകാരന്‍ പറയുന്നത്. എന്നാല്‍ ക്ലോക്ക് റൂമിന് അമിത നിരക്ക് ഈടാക്കുന്നത് ഭക്തര്‍ക്കൊപ്പം നിന്ന് ചോദ്യം ചെയ്യുകയാണ് ചെയ്തതെന്നാണ് ബിജെപി നേതൃത്വത്തിന്റെ വിശദീകരണം.

Related Articles

Back to top button