പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച യുഎസ് പൗരൻ മരിച്ചു….
ശസ്ത്രക്രിയയിലൂടെ ജനിതക മാറ്റം വരുത്തിയ പന്നിയുടെ വൃക്ക ആദ്യമായി സ്വീകരിച്ച യുഎസ് പൗരൻ മരിച്ചു.അമേരിക്കയിലെ വെയ്‌മൗത്ത് സ്വദേശി റിച്ചാർഡ് സ്ലേമാൻ ആണ് അന്തരിച്ചത്.62 വയസായിരുന്നു.സ്ലേമാൻ്റെ മരണം അറിയിച്ചു കൊണ്ട് കുടുംബം, ശസ്ത്രക്രിയ നടന്ന മസാച്യുസെറ്റ്സ് ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർമാർക്കും മുഴുവൻ ടീമിനും നന്ദി പറഞ്ഞു. ‘മൂന്ന് മാസം കൂടി ഞങ്ങൾക്കൊപ്പം ജീവിക്കാൻ അവസരം തന്നതിന് നന്ദി എന്നാണ് കുടുംബം നന്ദി കുറിപ്പിൽ കുറിച്ചത്.
മാര്‍ച്ച് 21ന് മസാച്യുസെറ്റ്‌സ് ആശുപത്രിയിലായിരുന്നു വൃക്കരോഗിയായിരുന്ന റിച്ചാര്‍ഡ് സ്ലേമാന്റെ വൃക്ക മാറ്റിവെക്കല്‍ ശസ്ത്രക്രിയ നടന്നത്. ലോകചരിത്രത്തില്‍ തന്നെ ആദ്യ സംഭവമായിരുന്നു ജീവിച്ചിരിക്കുന്ന ഒരാളിലേക്ക് പന്നിയുടെ വൃക്ക മനുഷ്യനില്‍ മാറ്റിവെച്ച ശസ്ത്രക്രിയ. നാലുമണിക്കൂര്‍ നീണ്ട ശസ്ത്രക്രിയക്കൊടുവിലാണ് വൃക്ക മാറ്റിവെച്ചത്. റിച്ചാര്‍ഡിന്റെ മരണകാരണം വ്യക്തമല്ല. അവയവം മാറ്റിവെച്ചതു മൂലമുള്ള പ്രശ്‌നങ്ങളല്ല മരണത്തിലേക്ക് നയിച്ചതെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു.