പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ പോയ സ്‌കൂള്‍ വാഹനങ്ങള്‍ക്ക് വക്കീല്‍ നോട്ടീസ്…രണ്ടര ലക്ഷം വരെ പിഴ…
പന്നിയങ്കര ടോള്‍ പ്ലാസയിലൂടെ കടന്നുപോയ വാഹനങ്ങള്‍ക്ക് ടോള്‍ അടച്ചില്ലെന്ന് കാണിച്ച് വക്കീല്‍ നോട്ടീസ്. അനധികൃതമായി സര്‍വ്വീസ് നടത്തിയെന്ന കാരണം കാണിച്ചാണ് സമീപത്തെ സ്‌കൂളുകളിലെ വാഹന ഉടമകള്‍ക്ക് വക്കീല്‍ നോട്ടീസ് ലഭിച്ചത്. രണ്ടുലക്ഷം രൂപ വരെ പിഴ ഒടുക്കണം എന്നാവശ്യപ്പെട്ട് ടോള്‍ കമ്പനിയായ തൃശ്ശൂര്‍ എക്‌സ്പ്രസ് ലിമിറ്റഡ് ആണ് വക്കീല്‍ നോട്ടീസ് അയച്ചത്.സ്‌കൂള്‍ ബസുകള്‍ 2022 മുതലുള്ള ടോള്‍ തുക പലിശയടക്കം ചേര്‍ത്ത് തിരിച്ച് നല്‍കണമെന്നും അല്ലാത്ത പക്ഷം നിയമനടപടി നേരിടേണ്ടി വരുമെന്നുമാണ് ബസ് ഉടമകള്‍ക് ലഭിച്ച വക്കീല്‍ നോട്ടിസില്‍ പറയുന്നത്.
മുപ്പതോളം വാഹന ഉടമകള്‍ക്ക് ഇത്തരത്തില്‍ വക്കീല്‍ നോട്ടീസ് ലഭിച്ചെന്നാണ് വിവരം. ജെയ്‌സണ്‍ പിജെയെന്ന വാഹനയുടമയ്ക്ക് ലഭിച്ചത് 2022 മാര്‍ച്ച് 9 മുതല്‍ 2024 സെപ്റ്റംബര്‍ ഒമ്പതാം തീയതി വരെയുള്ള പിഴത്തുകയുടെ കണക്കാണ്. 2022 മുതല്‍ ടോള്‍ നല്‍കാതെ അനധികൃതമായി ടോള്‍ പ്ലാസയിലൂടെ വാഹനം കടന്നുപോയെന്നാണ് ആരോപണം.ബസ് വില്‍ക്കുകയല്ലാതെ ഈ ഭീമമായ തുക അടക്കാന്‍ തങ്ങള്‍ക്ക് മുന്നില്‍ മറ്റ് വഴികളിലെല്ലെന്നാണ് ബസുടമകള്‍ പറയുന്നത്. അടക്കാത്ത പക്ഷം ക്രിമിനല്‍ കേസ് ഉള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കുമെന്നും നോട്ടീസില്‍ പറയുന്നുണ്ട്. നേരത്തെ മന്ത്രി തലത്തില്‍ നടത്തിയ ചര്‍ച്ചയില്‍ സ്‌കൂള്‍ ബസുകളെ ടോള്‍ പിരിവില്‍ നിന്ന് ഒഴിവാക്കിയിരുന്നു,പിന്നീട് പിരിക്കാന്‍ തീരുമാനിച്ചപ്പോള്‍ വലിയ പ്രതിഷേധം ഉണ്ടായതിനെ തുടര്‍ന്ന് നിര്‍ത്തി വെക്കുകയും ചെയ്തിരുന്നു.