പത്മജയെ വിമർശിക്കുന്നവർ മുൻപ് ബി.ജെ.പിയുമായി ചർച്ച നടത്തിയവരെന്ന് കെ.സുരേന്ദ്രൻ.. പച്ചക്കള്ളമെന്ന് ബിന്ദു കൃഷ്ണ…
തിരുവനന്തപുരം: പത്മജ വേണുഗോപാൽ ബി.ജെ.പിയിൽ ചേർന്നതിനെ വിമർശിക്കുന്ന പലരും മുൻപ് ബി.ജെ.പിയിൽ ചേരാൻ ചർച്ച നടത്തിയിട്ടുള്ളവരാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുതിർന്ന കോൺഗ്രസ് നേതാവ് ബിന്ദു കൃഷ്ണയെ ഉന്നമിട്ടാണ് സുരേന്ദ്രന്റെ പരിഹാസം. പത്മയുടെ ഭർത്താവിനെതിരെ ഇ.ഡി അന്വേഷണം നടക്കുന്നതിൽ ഭയന്നാണ് അവർ ബി.ജെ.പിയിലേക്കു പോകുന്നതെന്ന് ബിന്ദു കൃഷ്ണ ആരോപിച്ചിരുന്നു. ഇതേക്കുറിച്ച് ചോദിച്ചപ്പോഴാണ്, ഈ വിമർശനം ഉന്നയിക്കുന്നവർ മുൻപ് പാർട്ടിയുമായി ചർച്ച നടത്തിയിട്ടുണ്ടെന്ന സുരേന്ദ്രന്റെ വെളിപ്പെടുത്തൽ. എന്നാൽ കെ.സുരേന്ദ്രൻ തനിക്കുനേരെ ഉന്നയിച്ച ആരോപണം പച്ചക്കള്ളമെന്ന് ബിന്ദു കൃഷ്ണ പ്രതികരിച്ചു. പൊതുവായി ബിജെപി നേതാക്കളോട് സംസാരിക്കും എന്നല്ലാതെ ഇങ്ങനെയൊരു ആവശ്യവുമായി താൻ ആരെയും കണ്ടിട്ടില്ലെന്ന് ബിന്ദു കൃഷ്ണ വ്യക്തമാക്കി.