പത്ത് കോടിയുടെ വായ്പ തരപ്പെടുത്താമെന്ന ഉറപ്പിൽ വ്യവസായിൽ നിന്ന് തട്ടിയത് 34 ലക്ഷം, പരാതിയുമായി താജ് മാർബിൾസ് ഉടമ
മാവേലിക്കര- മാവേലിക്കരയിലെ വ്യവസായിൽ നിന്നടക്കം നിരവധി പേരിൽ നിന്ന് കോടികളുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ പള്ളിപ്പാട് സ്വദേശി മുളക്കൽ പുത്തൻവീട്ടിൽ സന്തോഷ് ഈപ്പനെ നിയമത്തിന് മുന്നിൽ കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ട് തട്ടിപ്പിനിരയായ വ്യവസായി മാവേലിക്കരയിലെ താജ് മാർബിൾസ് ഉടമ കെ.എം രഘുനാഥൻ രംഗത്തെത്തി. ഇത് സംബന്ധിച്ച് മാവേലിക്കരയിൽ നടത്തിയ വാർത്താ സമ്മേളനത്തിലാണ് തട്ടിപ്പിന്റെ വിവരങ്ങൾ വെളിപ്പെടുത്തിയത്.
തട്ടിപ്പ് സംബന്ധിച്ച് ആലപ്പുഴ ജില്ലാ പൊലീസ് മേധാവിക്ക് രഘുനാഥൻ പരാതി നൽകിയിരിക്കുകയാണ്. പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. സ്ഥാപനത്തിലെ മാനേജർ മധുവും ചേർന്നാണ് തട്ടിപ്പ് നടത്തിയതെന്ന് കെ.എം രഘുനാഥൻ പറയുന്നു. വിദേശത്തുള്ള സന്തോഷ് ഈപ്പന്റെ പണം ഇടപാട് സ്ഥാപനത്തിൽ നിന്ന് 10 കോടി രൂപ കുറഞ്ഞ പലിശക്ക് വായ്പ തരപ്പെടുത്താമെന്ന ഉറപ്പിൽ 34 ലക്ഷം രൂപായാണ് തട്ടിയെടുത്തതെന്ന് കെ.എം രഘുനാഥൻ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. ഇൻകം ടാക്സ് പെനാൽറ്റി അടക്കാനെന്ന വ്യാജേനയാണ് പലപ്പോഴായി പണി തട്ടിയത്. സ്ഥാപനത്തിലെ മാനേജർ മധു സന്തോഷ് ഈപ്പനുമായി ചേർന്ന് പണം വാങ്ങി നൽകുകയായിരുന്നു. എന്നാൽ 10 കോടിയുടെ വായ്പക്കുള്ള കരാൻ തയ്യാറാക്കി വാങ്ങിയതല്ലാതെ തുക കൈമാറാതിരുന്നതോടെയാണ് തട്ടിപ്പാണെന്ന് മനസ്സിലായത്.
സമാനമായ രീതിയിൽ പള്ളിപ്പാട് സ്വദേശിയും പ്രൈവറ്റ് ബസ് ഉടമയുമായ സുനിലിന്റെ കൈയ്യിൽ നിന്ന് 93 ലക്ഷത്തോളം രൂപ സന്തോഷ് ഈപ്പൻ തട്ടിയെടുത്തതെന്ന് സുനിൽ പറയുന്നു. വസ്തു വിൽക്കാമെന്ന പേരിലാണ് തുക വാങ്ങിയെടുത്തത്. ഇത് സംബന്ധിച്ച് മാവേലിക്കര കോടതിയിൽ കേസ് നിലവിലുണ്ട്. നിരവധി പേരാണ് തട്ടിപ്പിന് ഇരയായതെന്നും പലരിൽ നിന്നായി 5 കോടിയോളം രൂപയുടെ തട്ടിപ്പാണ് സന്തോഷ് ഈപ്പൻ നടത്തിയിട്ടുള്ളതെന്നും ഇവർ വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പോലീസ് കേസ് എടുത്തതോടെ പ്രതികൾ മൂൻകൂർ ജാമ്യത്തിനുള്ള ശ്രമത്തിലാണെന്നും ഇവർ ഇപ്പോൾ ഒളിവിലാണെന്നും രഘുനാഥ് വാർത്താ സമ്മേളനത്തിൽ പറഞ്ഞു.