പത്താം ക്ലാസ് പരീക്ഷ ജയിച്ച വിദ്യാർഥിനി ആത്മഹത്യ ചെയ്തത് വേദനാജനകം മന്ത്രി വി.ശിവൻകുട്ടി…….

തിരുവനന്തപുരം: മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി എസ്.എൻ.എം.എച്ച്.എസ്.എസിലെ പത്താം ക്ലാസ് പരീക്ഷയിൽ വിജയിച്ച വിദ്യാർഥിനി ആത്മഹത്യ ചെയ്തത് തികച്ചും ദൗർഭാഗ്യകരമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. ആത്മഹത്യയുടെ കാരണം എന്താണെന്ന് സംബന്ധിച്ച് പൊലീസിൽ നിന്നും വിവരങ്ങൾ തേടിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.പ്രാഥമിക വിവരം അനുസരിച്ച് കുട്ടിക്ക് സീറ്റ് ലഭിക്കാതിരിക്കുന്ന പ്രശ്‌നം ഇല്ലെന്നാണ് മനസിലാക്കുന്നത്. ഒന്നാംഘട്ട അലോട്ട്‌മെന്റ് മാത്രമാണ് പൂർത്തിയായിട്ടുള്ളത്. രണ്ടാംഘട്ട അലോട്ട്‌മെന്റ് ഇന്നു മുതൽ ആരംഭിക്കുകയാണ്. കമ്യൂണിറ്റി ക്വാട്ടയിലെ പ്രവേശനവും ഇന്നു മുതലാണ് തുടങ്ങുന്നത്. മിക്കവാറും എല്ലാവർക്കും മൂന്നാമത്തെ അലോട്ട്‌മെന്റോട് കൂടി സീറ്റുകൾ ലഭിക്കും. ഇതിനു ശേഷം സപ്ലിമെന്ററി അലോട്ട്‌മെന്റുകളും ഉണ്ടാകും. ജൂൺ 24ന് മാത്രമാണ് ക്ലാസ്സുകൾ ആരംഭിക്കുക. അതിന് മുന്നോടിയായി തന്നെ എല്ലാ കുട്ടികൾക്കും വിവിധ കോഴ്‌സുകളിൽ പ്രവേശനം ഉറപ്പാകുന്നതാണ്. ഇതൊന്നും കാത്തു നിൽക്കാതെ കുട്ടി വിടപറഞ്ഞത് ഏറെ വേദനാജനകമാണ്. രക്ഷിതാക്കളുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പ്ലസ് വൺ പ്രവേശനം സംബന്ധിച്ച അനാവശ്യ ചർച്ചയിലൂടെ കുട്ടികൾക്കും രക്ഷിതാക്കൾക്കും മാനസിക സമ്മർദം ഉണ്ടാക്കരുതെന്നും മന്ത്രി വ്യക്തമാക്കി.

Related Articles

Back to top button