പത്താംക്ലാസുകാരനെ സഹപാഠി കുത്തിപ്പരുക്കേല്‍പ്പിച്ചു..നിരോധനാജ്ഞയും ഇന്റര്‍നെറ്റ് നിരോധനവും…

സാമുദായിക സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് രാജസ്ഥാനിലെ ഉദയ്പൂരില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. ഇന്നലെ രാത്രി മുതല്‍ 24 മണിക്കൂര്‍ നേരത്തേക്ക് പ്രദേശത്ത് ഇന്റര്‍നെറ്റ് നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പത്താം ക്ലാസുകാരനെ സഹപാഠി കുത്തിപ്പരിക്കേല്‍പ്പിച്ചതിന് പിന്നാലെയുണ്ടായ സംഘർഷം ചേരി തിരിഞ്ഞുള്ള ആക്രമണങ്ങളിലേക്ക് മാറി. പ്രദേശത്ത് സംഘര്‍ഷ സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് നിയന്ത്രണം ഏർപ്പെടുത്തിയത്. ഭാട്ടിയനി ചോട്ട പ്രദേശത്തെ സര്‍ക്കാര്‍ സ്‌കൂളിലായിരുന്നു സംഭവം.

ആക്രമണത്തിൽ മൂന്നോ നാലോ കാറുകള്‍ അഗ്നിക്കിരയായി. നഗരത്തിലെ ബാപ്പൂ ബസാര്‍, ഹാത്തിപോലെ, ചേതക് സര്‍ക്കിൾ അടക്കമുള്ള മേഖലകളിലെ മാര്‍ക്കറ്റുകള്‍ ഇന്നലെ വൈകിട്ടോടെ അടച്ചു. ഷോപ്പിംഗ് മാളിന് നേരെയുണ്ടായ കല്ലേറില്‍ ചില്ലുകള്‍ തകര്‍ന്നു. സര്‍ക്കാര്‍ ആശുപത്രിക്ക് മുന്നില്‍ ജനം തടിച്ചുകൂടിയെങ്കിലും പൊലീസ് ഇടപെട്ട് നീക്കി.

പരിക്കേറ്റ കുട്ടിയുടെ നില മെച്ചപ്പെട്ടിട്ടുണ്ടെന്നും സംഭവത്തില്‍ പൊലീസ് അന്വേഷണം നടത്തുകയാണെന്നും കളക്ടര്‍ അറിയിച്ചു. ജനം വ്യാജ പ്രചാരണങ്ങളില്‍ വീഴരുതെന്നും കുട്ടിയെ കുത്തിപരിക്കേല്‍പ്പിച്ചയാളെയും പിതാവിനെയും അറസ്റ്റ് ചെയ്തിട്ടുണ്ടെന്നും കളക്ടര്‍ വ്യക്തമാക്കിയിട്ടുണ്ട്. കുട്ടിയെ കുത്തി പരിക്കേല്‍പ്പിച്ചതില്‍ പ്രതിഷേധിച്ച് ചില ഹിന്ദു സംഘടനകള്‍ രംഗത്തെത്തിയതോടെയാണ് സംഘര്‍ഷത്തിലേക്ക് നീങ്ങിയത്. നഗരം പൂര്‍ണ്ണമായും പൊലീസ് നിരീക്ഷണത്തിലാണ്.

Related Articles

Back to top button