പത്തനംതിട്ടയിൽ… കക്ഷത്തില്‍ ഇരുന്നത് പോവുകയും ചെയ്തു.. ഉത്തരത്തില്‍ ഇരുന്നത് കിട്ടിയതുമില്ല…  ബി.ജെ.പിക്കും പി.സി ജോർജ്ജിനും

എ കെ ആന്‍റണിയുടെ മകൻ അനില്‍ ആന്‍റണിയെ പത്തനംത്തിട്ടയിലേക്ക് ബിജെപി അയച്ചപ്പോള്‍ ലക്ഷ്യം വ്യക്തമായിരുന്നു. കെ സുരേന്ദ്രൻ മത്സരിച്ചപ്പോള്‍ മൂന്ന് ലക്ഷത്തിനടുത്ത് വോട്ട് ലഭിച്ച മണ്ഡലത്തിലെ ക്രിസ്ത്യൻ വോട്ടുകൾ നേടി പത്തനംത്തിട്ട പിടിക്കുക. പക്ഷേ ഫലം വന്നപ്പോള്‍ ആ തന്ത്രം അമ്പേ പാളിയിരിക്കുകയാണ്. 2,97,396 വോട്ട് പിടിക്കാൻ സുരേന്ദ്രന് സാധിച്ചുവെങ്കില്‍ 2,34,406 വോട്ടുകള്‍ നേടാനേ അനില്‍ ആന്‍റണിക്ക് കഴിഞ്ഞുള്ളൂ.  

സിറ്റിംഗ് എംപിയായ ആന്‍റോ ആന്‍റണിക്കെതിരെ ശക്തനായ തോമസ് ഐസകിനെ നിയോഗിച്ച് എല്‍ഡിഎഫ് പോരാട്ടം കടുപ്പിച്ചതോടെ മത്സരം ഇവര്‍ തമ്മിലായി. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അടക്കം എത്തിച്ച് അനില്‍ ആന്‍റണി പ്രചാരണം കൊഴുപ്പിച്ചെങ്കിലും വിജയം നേടാനോ കൂടുതല്‍ വോട്ടുകള്‍ നേടാനോ അതുകൊണ്ടൊന്നും സാധിച്ചില്ല. വിജയം ഉറപ്പിച്ച നിലയിലുള്ള അനില്‍ ആന്‍റണിയുടെ പ്രതികരണങ്ങളും തിരിച്ചടിച്ചു.

പൂഞ്ഞാര്‍ അടക്കം ഉള്‍പ്പെടുന്ന പത്തനംത്തിട്ട മണ്ഡലത്തില്‍ പി സി ജോര്‍ജിന്‍റെ പിന്തുണയും അനില്‍ ആന്‍റണിക്ക് ഉണ്ടായിരുന്നു. എന്നാൽ  പി സി ഫാക്ടര്‍ അനിലിനൊപ്പം തന്നെയായിരുന്നോ എന്നുള്ള ചോദ്യമാണ് ഫലം വരുമ്പോള്‍ ഉയരുന്നത്. പത്തനംത്തിട്ടയില്‍ സ്ഥാനാര്‍ത്ഥിയാകാൻ പി സി ജോര്‍ജിന് മോഹം ഉണ്ടായിരുന്നു. സീറ്റ് നിഷേധിച്ചപ്പോള്‍ തന്നെ പി സി ജോര്‍ജ് തന്‍റെ നീരസം അറിയിച്ചതാണ്. പത്തനംത്തിട്ടയില്‍ അനില്‍ അറിയപ്പെടാത്ത ആളാണെന്നും കേരളവുമായി അദ്ദേഹത്തിന് ഒരു ബന്ധവും ഇല്ലെന്നും പി സി തുറന്നടിച്ചിരുന്നു. പിസിയുടെ പൂഞ്ഞാറിലെ വീട്ടിലെത്തി അനില്‍ പിണക്കം മാറ്റാനുള്ള ശ്രമവും നടത്തി.   പക്ഷേ ജനപക്ഷം പിരിച്ച് വിട്ട് ബിജെപിയില്‍ ചേര്‍ന്ന പിസിക്ക് കക്ഷത്തില്‍ ഇരിക്കുന്നത് പോവുകയും ഉത്തരത്തില്‍ ഇരിക്കുന്നത് കിട്ടിയതുമില്ല എന്ന അവസ്ഥയായിരുന്നു. ഇത് മറന്ന് അനിലിന് വേണ്ടി പിസി ഇറങ്ങിയോ എന്നത് പാര്‍ട്ടിക്കുള്ളില്‍ തന്നെ ഇനി ചോദ്യങ്ങള്‍ ഉയരുമെന്നുറപ്പ്.

Related Articles

Back to top button