പണ്ടാരം ഭൂമി ഏറ്റെടുക്കൽ..ലക്ഷദ്വീപിൽ പ്രതിഷേധം ശക്തം…
പണ്ടാര ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് ലക്ഷദ്വീപിൽ പ്രതിഷേധം കനക്കുന്നു.വിവിധ ദ്വീപുകളിൽ സർവേക്കെത്തിയ ഉദ്യോഗസ്ഥർക്കെതിരെ ജനങ്ങളിൽ നിന്ന് വലിയ പ്രതിഷേധമാണ് ഉയരുന്നത്.ഉദ്യോഗസ്ഥർ പിന്നീട് പൊലീസ് സംരക്ഷണത്തിൽ സർവേയുമായി മുന്നോട്ടുപോകാൻ ശ്രമിച്ചെങ്കിലും പ്രതിഷേധം ശക്തമായിത്തന്നെ തുടർന്നു.
കവരത്തി, ആന്ത്രോത്ത്, കൽപേനി തുടങ്ങിയ വിവിധ ദ്വീപുകളിലാണ് പണ്ടാര ഭൂമി തിരിച്ചുപിടിക്കാൻ സർവേ നടപടികളുമായി ഉദ്യോഗസ്ഥർ എത്തിയത്.കാലാകാലങ്ങളായി ജനങ്ങൾ കൃഷി ചെയ്ത് പോരുന്ന ഭൂമിയാണ് ‘പണ്ടാരം ഭൂമി’. ദ്വീപിലെ നിരവധി ജനങ്ങളുടെ ജീവിതം തന്നെ ഇത്തരം പണ്ടാര ഭൂമിയുമായി ബന്ധപ്പെട്ടുള്ളതാണ്. ഇവ ഏറ്റെടുത്താൽ പലരുടെയും ജീവിതം തന്നെ ദുരവസ്ഥയിലാകും. അവയാണ് കൃത്യമായ നഷ്ടപരിഹാരം പോലും ഉറപ്പാക്കാനാകാതെ അധികൃതർ കയ്യടക്കുന്നതെന്നാണ് ദ്വീപ് നിവാസികളുടെ പക്ഷം
വികസന പ്രവർത്തനങ്ങൾക്കായാണ് ഈ ഭൂമി ഏറ്റെടുക്കുന്നതെന്നാണ് അധികൃതരുടെ വിശദീകരണം. റോഡ്, ടൂറിസം, ആശുപത്രികൾ എന്നിങ്ങനെ വലിയ പദ്ധതികളാണ് അധികൃതർക്കുള്ളത്. ഈ പുറമ്പോക്ക് സ്വഭാവമുള്ള ഈ ഭൂമി സർക്കാരിന്റേതാണെന്നും ജനങ്ങൾക്ക് പാട്ടത്തിന് നൽകിയ ഭൂമിയാണെന്നുമാണ് അധികൃതരുടെ വാദം. ഇതിന്റെ ചുവടുപിടിച്ചാണ് ജനങ്ങളുടെ അനുമതിയോ സമ്മതമോ നോക്കാതെ അധികൃതർ സർവേക്കായി എത്തിയത്.