പണവും സ്വർണാഭരണങ്ങളും കവർന്ന കേസ്..യുവതി ഉൾപ്പടെ മൂന്ന് പേർ അറസ്റ്റിൽ….
ആലുവ തോട്ടുമുഖം സ്വദേശിയുടെ വീട്ടിൽ നിന്ന് 40 പവൻ സ്വർണാഭരണങ്ങളും രണ്ട് ലക്ഷം രൂപയും കവർന്ന കേസിൽ മൂന്ന് പേർ അറസ്റ്റിൽ. തിരുവനന്തപുരം അണ്ടൂർക്കോണം കൊയ്തൂർകൊന്നം സലീന മൻസിലിൽ നസീർ (43), കൊല്ലം പുനലൂർ തളിക്കോട് ചാരുവിളപുത്തൻ വീട്ടിൽ റജീന (44), തളിക്കോട് തളത്തിൽ വീട്ടിൽ ഷഫീക്ക് (42) എന്നിവരെയാണ് ആലുവ പൊലീസ് അറസ്റ്റ് ചെയ്തത്. ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത് .
തോട്ടുമുഖം സ്വദേശിയുടെ വീടിനോട് ചേർന്നുള്ള അച്ചാർ കമ്പനിയിലെ ജീവനക്കാരനാണ് നസീർ. ഗൾഫിലുണ്ടായിരുന്നപ്പോഴുള്ള പരിചയത്തിൻ്റെ പുറത്താണ് ഇയാൾക്ക് കമ്പനിയിൽ ജോലി നൽകിയിരുന്നത്. ഏപ്രിൽ ഒന്നിന് നോമ്പുതുറക്കാനായി നസീറിനെ വീട്ടിലേക്ക് വിളിച്ചിരുന്നു. ഇതിനു ശേഷമാണ് പണവും ആഭരണങ്ങളും കാണാതായത്.തുടർന്ന് ജില്ലാ പൊലീസ് മേധാവി ഡോ. വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക പൊലീസ് സംഘം രൂപീകരിച്ച് അന്വേഷണം നടക്കുന്നതിനിടെയാണ് പ്രതികൾ പുനലൂരിൽ നിന്നും പുനലൂർ പൊലീസിന്റെ സഹായത്തോടെ പിടിയിലാവുന്നത്. നസീർ മോഷ്ടിച്ച ആഭരണങ്ങൾ വിൽക്കാൻ സഹായിച്ചവരാണ് റജീനയും ഷഫീക്കും. മോഷണ മുതലുകൾ ഉപയോഗിച്ച് ഇവർ ആഡംബര ജീവിതം നയിക്കുകയായിരുന്നു. മൂന്ന് പേരിൽ നിന്നുമായി മോഷണ മുതലുകൾ കണ്ടെടുത്തു.