പട്ടാഴിമുക്ക് അപകടം.. നിർണായക വിവരങ്ങള്‍ പുറത്ത്…
പത്തനംതിട്ട: അടൂര്‍ പട്ടാഴിമുക്ക് അപകടത്തിൽ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അപകടത്തിന് മുൻപ് കാർ ശ്രദ്ധയിൽപ്പെട്ടിരുന്നു എന്ന് ഗ്രാമപഞ്ചായത്ത് അംഗമായ ശങ്കര്‍ പറഞ്ഞു. ആലയിൽപ്പടിയിൽ നിൽക്കവേ കാർ കടന്നു പോകുന്നത് കണ്ടിരുന്നു. ഓട്ടത്തിനിടയിൽ സ്ത്രീ ഇരുന്ന ഭാഗത്തെ ഡോർ മൂന്ന് തവണ തുറന്നു. കാലുകള്‍ ഡോറിന് പുറത്തേക്ക് ഇട്ട നിലയില്‍ കണ്ടിരുന്നുവെന്നും അകത്ത് മൽപ്പിടുത്തം നടന്നതായി സംശയിക്കുന്നുവെന്നും ശങ്കര്‍ പറഞ്ഞു. പത്തു മണിയോടെ ഒരു ടീച്ചർ അനുജയുടെ അച്ഛനെ വിളിച്ചിരുന്നുവെന്നാണ് വാര്‍ഡ് മെമ്പര്‍ അജയ് ഷോഷ് പ്രതികരിച്ചത്. അനുജയെ ഒരാൾ ബസിൽ നിന്ന് ഇറക്കി കൊണ്ടുപോയെന്നാണ് ടീച്ചര്‍ വീട്ടുകാരോട് പറഞ്ഞത്. വീട്ടിൽ എത്തിയോ എന്ന് ചോദിച്ചപ്പോള്‍ അവർക്കു ചില ആശങ്ക ഉണ്ടെന്നും പറഞ്ഞു. തുടർന്ന് അച്ഛനും സഹോദരനുമൊപ്പം അന്വേഷിച്ചിറങ്ങുകയായിരുന്നുവെന്നും പോകുന്ന വഴിക്കു അടൂർ പൊലീസ് വിളിച്ചു അപകട കാര്യം അറിയിക്കുകയായിരുന്നുവെന്നും വാര്‍ഡ് മെമ്പര്‍ അജയ് ഘോഷ് പറഞ്ഞു. വിനോദ യാത്ര കഴിഞ്ഞ മടങ്ങുന്നതിനിടെ അനുജയെ വാഹനത്തിന്‍റെ വാതിൽ വലിച്ചു തുറന്ന് ഹാഷിം കൂട്ടിക്കൊണ്ട് പോയെന്നാണ് അനുജയുടെ കൂടെ ജോലി ചെയ്യുന്ന അധ്യാപകര്‍ പറഞ്ഞത്. തങ്ങൾ ആത്മഹത്യ ചെയ്യാൻ പോകുന്നു എന്ന് സഹഅധ്യാപികയോട് അനുജ പറഞ്ഞിരുന്നതായി സൂചനയുണ്ട്. അപകടത്തിൽപ്പെട്ട കാറിൽ നിന്നും മദ്യക്കുപ്പി കണ്ടെത്തിയിരുന്നു. കാർ എതിർ ദിശയിൽ വന്ന കണ്ടെയ്നർ ലോറിയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നുവെന്നാണ് ദൃക് സാക്ഷികളുടെ മൊഴി. അനുജയും ഹാഷിമും ഏറെക്കാലമായി സുഹൃത്തുക്കളായിരുന്നു.