പട്ടാഴിമുക്കിലെ അപകടം…ആർ.ടി.ഒ റിപ്പോർട്ട്‌…

പത്തനംതിട്ട: അടൂരിലെ വാഹനാപകടത്തില്‍ ആര്‍.ടി.ഒ എൻഫോഴ്സ്മെൻ്റിൻ്റെ പരിശോധനാ റിപ്പോർട്ട് പുറത്ത്. കാര്‍ ലോറിയിലേക്ക് മനപ്പൂർവം ഇടിച്ചു കയറ്റി എന്നാണ് പരിശോധനാ റിപ്പോർട്ട്. കാർ അമിതവേഗത്തിൽ ആയിരുന്നുവെന്നും ബ്രേക്ക് ഉപയോഗിച്ചിട്ടില്ലെന്നും പരിശോധനയിൽ വ്യക്തമായി. തെറ്റായ ദിശയിൽ സഞ്ചരിച്ച കാറാണ് ലോറിയിലേക്ക് ഇടിച്ചുകയറിയത്.

അപകടത്തില്‍ മരിച്ച ഹാഷിമും അനുജയും സീറ്റ് ബെൽറ്റ് ഇട്ടിരുന്നില്ല. ലോറിയുടെ നിയമവിരുദ്ധമായ ക്രാഷ് ബാരിയറും അപകടത്തിന്റെ ആഘാതം കൂട്ടിയെന്നും റിപ്പോർട്ടിൽ പറയുന്നു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നത് ഇതുകൊണ്ടാണ്. അപകടസ്ഥലവും വാഹനവും പരിശോധിച്ചുകൊണ്ടാണ് റിപ്പോർട്ട് തയ്യാറാക്കിയത്.

വ്യാഴാഴ്ച്ച രാത്രി 11മണിയോടെ എം.സി റോഡിൽ പട്ടാഴിമുക്കിൽ കാറും ലോറിയും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്.നൂറനാട് സ്വദേശിനി അനുജയും ചാരുംമൂട് സ്വദേശി ഹാഷിമുമാണ് മരിച്ചത്. തുമ്പമൺ നോർത്ത് വിഎച്ച്എസ്എസ് അധ്യാപികയായ അനുജ സഹ അധ്യാപകരുമായി വിനോദയാത്ര കഴിഞ്ഞു മടങ്ങി വരികയായിരുന്നു. കുളക്കടയിൽ വെച്ചാണ് ഹാഷിം അനുജയെ കാറിൽ കയറ്റിയത്. കാറിൽ കയറി മിനിറ്റുകൾക്കുള്ളിൽ അപകടം നടന്നതായി പൊലീസ് പറയുന്നു. കാറിൽ അനുജക്ക് മർദനമേൽക്കുന്നത് കണ്ടതായും ദൃക്സാക്ഷി മൊഴികളുണ്ടായിരുന്നു. കാർ നിയന്ത്രണം വിട്ട് ലോറിയിൽ ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറയുന്നു.

Related Articles

Back to top button