പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പുനസ്ഥാപിക്കണം -എ.കെ.എസ്.ടി.യു
മാവേലിക്കര: പങ്കാളിത്ത പെൻഷൻ പിൻവലിച്ച് പഴയ പെൻഷൻ പുന:സ്ഥാപിക്കണമെന്ന് എ.കെ.എസ്.ടി.യു ജില്ല സമ്മേളനം ആവശ്യപ്പെട്ടു. ഡി.എ കുടിശ്ശിക തീർത്തു നൽകുക കായിക അധ്യാപകരുടെ നിലവിലെ പ്രശ്നങ്ങൾ പരിഹരിക്കുകയും എല്ലാ സ്കൂളിലും കായിക അധ്യാപക നിയമനം നടത്തുകയും 500 കുട്ടികൾക്ക് ഒരു കായിക അധ്യാപകൻ എന്നനിയമം മാറ്റണമെന്നും സമ്മേളനം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
രണ്ടു ദിവസമായി മാവേലിക്കരയിൽ നടന്ന എ.കെ.എസ്‌ടി.യു ജില്ല സമ്മേളനം സമാപിച്ചു. പ്രതിനിധി സമ്മേളനം സംസ്ഥാന ജനറൽ സെക്രട്ടറി ഒ.കെ.ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. ജില്ല വൈസ് പ്രസിഡൻ്റ് ഷിഹാബ് നൈന രക്തസാക്ഷി പ്രമേയവും ജില്ല ജോയിൻ്റ് സെക്രട്ടറി രവികുമാർ അനുശോചന പ്രമേയവും അവതരിപ്പിച്ചു. സംഘാടക സമിതി ചെയർമാൻ മഞ്ജുഷ അലക്സ് സ്വാഗതം പറഞ്ഞു. പെൻഷനേഴ്സ് കൗൺസിൽ സംസ്ഥാന സെക്രട്ടറി എൻ. ശ്രീകുമാർ, എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി സനുപ് കുഞ്ഞുമോൻ, എ.ഐ.എസ്.എഫ് ജില്ല സെക്രട്ടറി ആദർശ് തുളസീധരൻ, എ.കെ.എസ്.ടി.യു സംസ്ഥാന ട്രഷറർ കെ.സി.സ്നേഹശ്രീ, കെ.ജി.ഒ.എഫ് സംസ്ഥാന കമ്മിറ്റിയംഗം ആർ.കൃഷ്ണരാജ്, എ.കെ.എസ്.ടി.യു ജില്ലാ വൈസ് പ്രസിഡൻ്റ് ഗീത.എൻ റാവു തുടങ്ങിയവർ സംസാരിച്ചു. സംസ്ഥാന സെക്രട്ടറി സുശീൽകുമാർ പി.കെ സംഘടനാ റിപ്പോർട്ടും ജില്ല സെക്രട്ടറി വി.ആർ ബീന പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ മഞ്ജുഷ അലക്സ് വരവ് ചെലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് നടന്ന യാത്രയയപ്പ്, ആദരിക്കൽ സമ്മേളനം സി.പി.ഐ ജില്ല സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ഉദ്ഘാടനം ചെയ്തു.
ജില്ല ഭാരവാഹികളായി മഞ്ജുഷ അലക്സ് ( പ്രസിഡന്റ്), എം.പി രവികുമാർ, ഗീത.എൻ.റാവു, സുധീർഖാൻ റാവുത്തർ ( വൈസ് പ്രസിഡന്റ്), വി.ആർ ബീന (സെക്രട്ടറി), വിഷ്ണു മാലുമേൽ, ഷിഹാബ് നൈന (ജോ.സെക്രട്ടറി), ലിജിമോൾ ( ട്രഷറർ) എന്നിവരെ തെരഞ്ഞെടുത്തു.




