പകര്‍ച്ചവ്യാധി പ്രതിരോധം..അനധികൃതമായി ജോലിയില്‍ നിന്നും വിട്ടുനില്‍ക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെന്ന് മന്ത്രി വീണാ ജോര്‍ജ്…

തിരുവനന്തപുരം: അനധികൃതമായി ജോലിയില്‍ നിന്നും വിട്ടു നില്‍ക്കുന്ന ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കെതിരെ കര്‍ശന നടപടികള്‍ സ്വീകരിക്കാന്‍ നിർദ്ദേശം.അനധികൃതമായി വിട്ടുനില്‍ക്കുന്ന ജീവനക്കാര്‍ക്കെതിരെ നിയമപരമായ നടപടികള്‍ സ്വീകരിച്ച് പിരിച്ചുവിടല്‍ ഉള്‍പ്പെടെയുള്ള നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പ്.പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യ പ്രവര്‍ത്തകര്‍ ഏകോപനത്തോടെയുള്ള പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. എന്നാല്‍ ചില ജീവനക്കാര്‍ അനധികൃതമായി അവധിയിലാണെന്നാണ് കണ്ടെത്തിയിട്ടുള്ളത്. ഇത് ഒരു തരത്തിലും അംഗീകരിക്കാന്‍ പറ്റില്ല. ജില്ലകളില്‍ അനധികൃതമായി അവധിയിലുള്ള ജീവനക്കാരുടെ വിവരങ്ങള്‍ അടുത്ത 5 ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അനധികൃത അവധിയിലുള്ള ജീവനക്കാരില്‍ സര്‍വീസില്‍ തിരികെ പ്രവേശിക്കാന്‍ താത്പര്യമുള്ളവര്‍ ഒരാഴ്ചയ്ക്കകം ജോലിയില്‍ തിരികെ പ്രവേശിക്കണമെന്ന് പൊതു അറിയിപ്പ് നല്‍കാന്‍ നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പ് ഡയറക്ടറും മെഡിക്കല്‍ വിദ്യാഭ്യാസ ഡയറക്ടറും ഇതനുസരിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ആരോഗ്യ വകുപ്പിന്റെ ഉന്നതതല യോഗത്തിലാണ് മന്ത്രി നിര്‍ദേശം നല്‍കിയത്.

സംസ്ഥാനത്ത് പകര്‍ച്ചവ്യാധി പ്രതിരോധത്തിനായി ആരോഗ്യ വകുപ്പ് ശക്തമായി നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. പകര്‍ച്ചവ്യാധി പ്രതിരോധത്തിന് സ്റ്റേറ്റ് ലെവല്‍ റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) രൂപീകരിച്ചിരുന്നു. ഇത് കൂടാതെ ആരോഗ്യ വകുപ്പിന് കീഴിലുള്ള പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനും ജനങ്ങള്‍ക്കും ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമുള്ള സംശയങ്ങള്‍ ദൂരീകരിക്കുന്നതിനുമായി സ്റ്റേറ്റ് കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. പ്രധാന ആശുപത്രികളില്‍ പ്രത്യേകം ഫീവര്‍ ക്ലിനിക്ക് ഉറപ്പാക്കാനും നിര്‍ദേശം നല്‍കി.

Related Articles

Back to top button