നേരം വെളുക്കുമ്പോൾ വീട്ടുമുറ്റത്ത് എത്തും തട്ടിപ്പുസംഘം : ബാംബൂ കർട്ടൻ ഇടാനെന്ന വ്യാജേന വ്യാപക തട്ടിപ്പ്, വയോധികയെ ഭയപ്പെടുത്തി എഴുതിവാങ്ങിയത് 59500 രൂപയുടെ ചെക്ക്
മാവേലിക്കര: ബാംബൂ കർട്ടൻ ഇടാനെന്ന വ്യാജേന എത്തുവർ നടത്തുന്നത് വ്യാപക തട്ടിപ്പ്. നേരം വെളുക്കുമ്പോൾ വീട്ടുമുറ്റത്ത് എത്തുന്ന തട്ടിപ്പുസംഘം. സ്ത്രീകൾ മാത്രമുള്ള വീടുകളിൽ തട്ടിപ്പ് നടത്തുന്നതായി വ്യായപകമായി പരാതി ഉയരുന്നുണ്ട്. കഴിഞ്ഞ ദിവസം രാവിലെ 8.30ന് മാവേലിക്കര കൊറ്റാർകാവ് ഭാഗത്ത് വയോധിക ഒറ്റയ്ക്ക് താമസിക്കുന്ന വീട്ടിൽ ബാംബൂ കർട്ടൻ ഇടാൻ വന്ന 4 പേർ വയോധികയെ ഭയപ്പെടുത്തി 59500 രൂപയുടെ ചെക്ക് തട്ടിയെടുത്തു.
വയോധികയുടെ വീട്ടിൽ എത്തിയ 2 പേർ ഒരു പീസിന് 570 രൂപ നൽകിയാൽ മതി എന്നു പറഞ്ഞാണ് തുടങ്ങിയത്. കർട്ടൻ ഇടാൻ താൽപര്യമില്ലെന്ന് പറഞ്ഞെങ്കിലും വീട്ടിൽ മറ്റാരും ഇല്ലെന്ന് മനസ്സിലാക്കിയ സംഘം സിറ്റൗട്ടിൽ അതിക്രമിച്ചു കടന്ന് ബാംബൂ കർട്ടൻ ഇടുകയായിരുന്നു. അതിനു ശേഷം 59500 രൂപയുടെ ബില്ല് നൽകി. അത്രയും പണം കൈയ്യിലില്ലെന്ന് പറഞ്ഞപ്പോൾ ചെക്കെഴുതി നൽകാൻ നിർബന്ധിച്ചു. പരിഭ്രമിച്ച വയോധികയെ 4 പ്രതികളും ചേർന്ന് ഭയപ്പെടുത്തി ബലമായി ചെക്കെഴുതി വാങ്ങിച്ചു. ഒരാൾ ബാങ്കിൽ പോയി പണം കൈപ്പറ്റിയ ശേഷമാണ് വയോധികയുടെ വീട്ടിൽ നിന്ന് മറ്റ് പ്രതികൾ പോയത്.
സമാന സംഭവങ്ങൾ പലസ്ഥലത്തും റിപ്പോർട്ട് ചെയ്തതിന്റെ പശ്ചാത്തലത്തിൽ ജില്ലാ പോലീസ് മേധാവി ജി.ജയദേവ് ചെങ്ങന്നൂർ ഡി.വൈ.എസ്.പി ഡോ.ആർ.ജോസിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. അന്വേഷണ സംഘം വയോധികയുടെ വീട്ടിലെത്തി സി.സി.റ്റി.വി ദൃശ്യങ്ങൾ ശേഖരിച്ചു. പ്രതികളെ തിരിച്ചറിഞ്ഞ് ചക്കുവള്ളിയിൽ എത്തിയപ്പോഴേക്കും പ്രതികൾ കടന്നു കളഞ്ഞിരുന്നു. തുടർന്ന് ശൂരനാട്ടെ ഒളിത്താവളം കണ്ടെത്തി ഇന്ന് വൈകിട്ട് 4 പ്രതികളേയും അറസ്റ്റ് ചെയ്തു.
ശൂരനാട് ഇരവിച്ചിറ ഈസ്റ്റ് ഷിബു ഭവനത്തിൽ ബൈജു (30), ചക്കുവള്ളി വടക്ക് മിനി ഭവനത്തിൽ സുധീർ (36), ശൂരനാട് തെക്ക് ഇഞ്ചക്കാട് അജീന മൻസിലിൽ അജി (46), ചക്കുവള്ളി പോരുവഴി കൊച്ചു തെരുവ് താഴെ തുണ്ടിൽ ബഷീർ (50) എന്നിവരാണ് പിടിയിലായത്. ഇവർ വന്ന വാഹനവും പിടിച്ചെടുത്തു. കൂടുതൽ സ്ഥലങ്ങളിൽ ഇവർ സമാന തട്ടിപ്പുകൾ നടത്തിയിട്ടുള്ളതായി വിവരം ലഭിച്ചിട്ടുണ്ട്. തട്ടിപ്പിന് ഇരയായവർ മാവേലിക്കര പോലീസ് സ്റ്റേഷനിൽ ബന്ധപ്പെടണമെന്ന് പോലീസ് അറിയിച്ചു. എസ്.ഐമാരായ അംശു, പി.എസ്.അലി അക്ബർ, സി.പി.ഓ വിനോദ് കുമാർ.ആർ, സുനിൽകുമാർ.ടി എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.