നെയ്യാറ്റിൻകരയിലെ ആത്മഹത്യ….മൃതദേഹങ്ങൾ സംസ്കരിച്ചു…
നെയ്യാറ്റിൻകര :നാടിനെ നടുക്കിയ നെയ്യാറ്റിൻകരയിലെ ആത്മഹത്യ ചെയ്തവരുടെ മൃതദേഹങ്ങൾ സംസ്കരിച്ചു. വഴുതൂരിൽ വാടകവീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ ഒരു കുടുംബത്തിലെ മൂന്നുപേരുടെയും മൃതദേഹങ്ങളാണ് സംസ്കരിച്ചത്. വഴുതൂർ അറപ്പുരവിള വീട്ടിൽ മണിലാൽ (50), ഭാര്യ സ്മിത (45), മകൻ അഭിലാൽ (22) എന്നിവരെയാണ് വിഷം കഴിച്ച് മരിച്ച നിലയിൽ കണ്ടെത്തിയത്.ഞായറാഴ്ച രാത്രി 11 ന് നെയ്യാറ്റിൻകര കൂട്ടപ്പനയിലാണ് സംഭവം നടന്നത്. ആത്മഹത്യ ചെയ്യുകയാണെന്ന് സ്മിത വിളിച്ചുപറഞ്ഞതിനെ തുടർന്ന് സുഹൃത്തുക്കൾ അന്വേഷിച്ചെത്തിയപ്പോഴാണ് മൂന്നു പേരെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ഉടൻ നെയ്യാറ്റിൻകര ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മൃതദേഹങ്ങൾ തിരുവനന്തപുരം മെഡിക്കൽ കോളേജിൽ പോസ്റ്റുമോർട്ടത്തിനു ശേഷം ശാന്തികവാടത്തിൽ സംസ്കരിച്ചു. എന്ത് വിഷമാണ് ഇവർ കഴിച്ചതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയശേഷമേ അറിയാൻ സാധിക്കൂവെന്ന് പൊലീസ് പറഞ്ഞു. ഇവർക്ക് സാമ്പത്തിക ബുദ്ധിമുട്ടുണ്ടായിരുന്നെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. മണിലാലിന്റെ ഭാര്യ സ്മിത എഴുതിയതെന്ന് പറയപ്പെടുന്ന കുറിപ്പും ലഭിച്ചു.