നെയ്യാര്‍ ജലാശയത്തില്‍ മീനുകള്‍ ചത്തുപൊങ്ങുന്നത്… ശാസ്ത്രീയ പരിശോധ നടത്തി ആശങ്ക അകറ്റണമെന്ന് ആവശ്യം..
നെയ്യാർഡാം : ജില്ലയിലെ പ്രധാന ജലസംഭരണിയും ടൂറിസ്റ്റ് കേന്ദ്രവുമായ നെയ്യാര്‍ ഡാമിലെ ജലാശയത്തില്‍ മീനുകള്‍ വിവിധ ഇടങ്ങളിലായി ചത്തുപൊങ്ങുന്നതിന്റെ കാരണം ശാസ്ത്രീയ പരീക്ഷണങ്ങളിലൂടെ അടിയന്തിരമായി അന്വേഷിച്ച് വ്യക്തതവരുത്തണമെന്ന് നാട്ടുകാരും വിവിധ രാഷ്ടീയ കക്ഷികളും ആവശ്യപ്പെടുന്നു ജലാശയത്തിൽ ഈ മാസം ആദ്യം മുതലാണ് മത്സ്യ ങ്ങള്‍ ചത്തുപൊങ്ങുന്നത് നാട്ടുകാരുടെ ശ്രദ്ധയിൽപ്പെട്ടത്.ഇത് ജനങ്ങളുടെ ഇടയില്‍ വലിയ ആശങ്ക സൃഷ്ടിച്ചിട്ടുണ്ട് ആറ് പഞ്ചായത്തുകളില്‍ കുടിവെള്ളം നല്‍കുന്ന കാളിപാറ ശുദ്ധജല പദ്ധതിയ്ക്ക് നെയ്യാര്‍ ജലാശയത്തില്‍ നിന്നുമാണ് ജലം സംഭരിക്കുന്നത്. തിരുവനന്തപുരം നഗരത്തിലേക്ക് ഇവിടെ നിന്നും കുടിവെള്ളം എത്തിക്കുന്ന പദ്ധതിയും ആരംഭിച്ചിട്ടുണ്ട്. രണ്ട് താലൂക്കുകളിലെ ജനങ്ങള്‍ കുഷിക്കും കുടിവെള്ള ത്തിനുമായി ആശ്രയിക്കുന്ന ജലസംഭരണിയാണിത്.
സംരക്ഷിത മേഖലയായ നെയ്യാര്‍ ജലാശയത്തില്‍ മീനുകള്‍ ചത്തുപൊങ്ങുന്നത് ജനങ്ങള്‍ക്കിടയില്‍ ആശങ്ക പടര്‍ത്തുന്ന സാഹചര്യമാണ് . വന്യ ജീവികളും മനുഷ്യരും ഒരു പോലെ ഉപയോഗിക്കന്ന നെയ്യാര്‍ ജലസംഭരണിയില്‍ മീനുകള്‍ ചത്തുപൊങ്ങുന്നതിന്റെ കാരണം പരിശോധിച്ച് വ്യക്തമാക്കപ്പെടേണ്ടതാണ്. ഫിഷറീസ്, വനം, ഇറിഗേഷന്‍ ഉദ്ദ്യോഗസ്ഥര്‍ പരിശോധനടത്തിയെങ്കിലും വ്യക്തത വരുത്താന്‍ കഴിഞ്ഞിട്ടില്ല. പ്രദേശവാസികളുടെ ആശങ്ക അകറ്റാന്‍ ശാസ്ത്രീയമായ പരിശോധനയും അന്വേഷണവും അവശ്യമാണ് .
നെയ്യാര്‍ ജലാശയവും പരിസ്ഥിതിയും സംരക്ഷിക്കാന്‍ അടിയന്തിരമായ അന്വേഷണവും ശാസ്ത്രീയ പരിശോധനയും വേണമെന്നും ജലാശയവും സംരക്ഷിത മേഖലയായ നെയ്യാര്‍ പരിസ്ഥിതി പ്രദേശത്തെയും സംരക്ഷിക്കാന്‍ ആവശ്യമായ സത്വരമായ ഇടപെടല്‍ നടത്തണമെന്നും ആവശ്യപ്പെട്ട് ജില്ലാ കളക്ടര്‍ക്ക് നിവേദനവും സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്. ജലാശയത്തില്‍ നിന്നും മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ ഭാഗത്തു നിന്നും ജലത്തിന്റെ സാമ്പിൾ ശേഖരിച്ച് പരിശോധനക്ക് നല്‍കിയിട്ടുണ്ട് .പരിസ്ഥിതി സമിതി വിദഗ്ദ്ധരെ പങ്കെടുപ്പിച്ച് പരിശോധന നടത്തി ജനങ്ങള്‍ക്ക് വ്യക്തത വരുത്താനാവശ്യമായ നടപടികളും സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടുന്നു.