‘നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതിഷേധം’.. ഫെയ്സ്ബുക്ക് പോസ്റ്റുമായി രേണു രാജ്…
കൊച്ചി: സ്ഥലംമാറ്റ ഉത്തരവു വന്നതിനു പിന്നാലെ ‘പ്രതിഷേധ സ്വര’ത്തോടെയുള്ള പോസ്റ്റുമായി എറണാകുളം കലക്ടറായിരുന്ന രേണുരാജ്. ‘‘നീ പെണ്ണാണ് എന്നു കേൾക്കുന്നത് അഭിമാനമാണ്. നീ വെറും പെണ്ണാണ് എന്നു പറയുന്നിടത്താണ് പ്രതിഷേധം’’ എന്ന വരികളാണ് വനിതാ ദിനാശംസയായി കലക്ടർ ബുധനാഴ്ച വൈകിട്ട് ഏഴരയോടെ ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്തത്. ഏഴു മാസവും 12 ദിവസവും ജില്ലയെ നയിച്ച രേണു രാജിന് ബുധനാഴ്ചയാണ് അപ്രതീക്ഷിത സ്ഥലംമാറ്റം ലഭിച്ചത്. അപ്രതീക്ഷിത സ്ഥലംമാറ്റത്തിലുള്ള പ്രതിഷേധമാണ് വനിതാദിന പോസ്റ്റിലൂടെ രേണുരാജ് വ്യക്തമാക്കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. വയനാട് ജില്ലാ കലക്ടറായാണ് സ്ഥലംമാറ്റം. എൻ.എസ്.കെ. ഉമേഷാണ് പുതിയ എറണാകുളം കലക്ടർ. ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തത്തിൽ കോർപ്പറേഷനും ജില്ലാ ഭരണകൂടവും വിമർശനങ്ങൾ ഏറ്റുവാങ്ങുന്നതിനിടെയായിരുന്നു സ്ഥലംമാറ്റം. തീയണയ്ക്കാൻ രേണുരാജിന്റെ നേതൃത്വത്തിൽ ജില്ലാ ഭരണകൂടവും മറ്റുള്ളവരും പരിശ്രമിക്കുന്നതിനിടെ കലക്ടറെ മാറ്റിയതിൽ ജീവനക്കാർക്കിടയിൽ പ്രതിഷേധം ഉയർന്നിട്ടുണ്ട്.