നീറ്റ് പരീക്ഷ..ചോദ്യപേപ്പർ ചോർന്നതായി സമ്മതിച്ച് കേന്ദ്രം..പരീക്ഷയുടെ പവിത്രത നഷ്ടപ്പെട്ടാൽ പുനഃപരീക്ഷ നടത്താമെന്ന് കേന്ദ്രം…
നീറ്റ് പരീക്ഷാ വിവാദത്തിൽ അതൃപ്തി വ്യക്തമാക്കി സുപ്രിംകോടതി.നീറ്റ് യുജി ചോദ്യപേപ്പര്‍ ചോര്‍ച്ചയുണ്ടായെന്ന് കേന്ദ്രം കോടതിയെ അറിയിച്ചു.പരീക്ഷയുടെ പവിത്രത നഷ്ടമായാല്‍ പുനഃപരീക്ഷ നടത്താമെന്നും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് പറഞ്ഞു. ചോര്‍ച്ചയുടെ വ്യാപ്തി കണ്ടെത്താന്‍ കഴിഞ്ഞില്ലെങ്കില്‍ പുനഃപരീക്ഷയിലേക്ക് നീങ്ങണം. ചോദ്യപേപ്പര്‍ ചോര്‍ന്നു എന്നതില്‍ സംശയമില്ല. അതിന്റെ ആഴങ്ങളാണ് അറിയേണ്ടത്. ക്രമക്കേടിന്റെ ഗുണം പറ്റിയവരെ എത്രയും വേഗം കണ്ടെത്തണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടു.
മെയ് അഞ്ചിന് നടന്ന നീറ്റ്-യുജി പരീക്ഷ ക്രമക്കേടുമായി ബന്ധപ്പെട്ട നാൽപതോളം ഹർജികൾ പരിശോധിക്കവേയായിരുന്നു സുപ്രീംകോടതിയുടെ പരാമർശം. പുനഃപരിശോധന നടത്തുക എന്നത് അവസാനത്തെ മാർഗമാണെന്നും കോടതി അഭിപ്രായപ്പെട്ടു.പരിക്ഷയിൽ ആകെ ചോർച്ച പ്രതിഫലിച്ചോ എന്ന് അറിയണമെന്ന് കോടതി പറഞ്ഞു. തെറ്റ് ചെയ്ത വിദ്യാർത്ഥികളെ കണ്ടെത്തി അവർക്ക് മാത്രമായ് റീ-ടെസ്റ്റ് നടത്താൻ സാധിയ്ക്കുമോ എന്ന് അറിയിക്കണമെന്നും സുപ്രിംകോടതി കേന്ദ്രസർക്കാരിന് നിർദേശം നൽകി.കേസ് വീണ്ടും വ്യാഴാഴ്ച പരിഗണിക്കും.