നീറ്റ് പരീക്ഷയിൽ നടന്നത് ഗുരുതര ക്രമക്കേട്..വിദ്യാർത്ഥികളുടെ ഭാവി വെച്ചു പന്താടരുതെന്ന് മുഖ്യമന്ത്രി…
നീറ്റ് പരീക്ഷയിൽ നടന്നത് ഗുരുതര ക്രമക്കേടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.. പരീക്ഷയുടെ നടത്തിപ്പിൽ അട്ടിമറിയുണ്ടായത് അത്യന്തം ഗൗരവകരമായ വിഷയമാണെന്ന് തിരിച്ചറിഞ്ഞിട്ടും ഫലപ്രദമായ ഇടപെടലിന് കേന്ദ്ര സർക്കാർ തയാറാകാത്തത് ആശ്ചര്യജനകമാണ്. രാജ്യത്തെ പ്രൊഫഷണൽ വിദ്യാർത്ഥികളുടെ ഭാവി വെച്ചു പന്താടുന്ന സമീപനമാണ് അധികാരികൾ തുടരുന്നത്. ഒളിച്ചുകളി അവസാനിപ്പിച്ച് വിഷയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയ്ക്ക് അടിയന്തിരമായി പരിഹാരം കാണാനും കേന്ദ്ര സർക്കാർ തയാറാകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുഖ്യമന്ത്രിയുടെ പ്രസ്താവനയുടെ പൂർണരൂപം
മെഡിക്കൽ ബിരുദ കോഴ്സുകളിലേക്കുള്ള നീറ്റ്-യുജി പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര സർക്കാരിനും നീറ്റ് പരീക്ഷയുടെ നടത്തിപ്പുകാരായ നാഷണൽ ടെസ്റ്റിംഗ് ഏജൻസിയ്ക്കും (എൻടിഎ) സുപ്രീം കോടതി ഇന്ന് നോട്ടീസ് അയച്ചിരിക്കുകയാണ്. നീറ്റ് യുജി പരീക്ഷാ ഫലത്തെപ്പറ്റി ഉയർന്നുവന്ന ആക്ഷേപങ്ങൾ രാജ്യത്തെ പ്രവേശന പരീക്ഷാ സമ്പ്രദായത്തിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന കാര്യമാണ്. പരീക്ഷയുടെ നടത്തിപ്പിൽ അട്ടിമറിയുണ്ടായത് അത്യന്തം ഗൗരവകരമായ വിഷയമാണെന്ന് തിരിച്ചറിഞ്ഞിട്ടും ഫലപ്രദമായ ഇടപെടലിന് കേന്ദ്ര സർക്കാർ തയാറാകാത്തത് ആശ്ചര്യജനകമാണ്.
നേരത്തെയുണ്ടായിരുന്ന സംസ്ഥാന തലത്തിലുള്ള മെഡിക്കൽ പ്രവേശന പരീക്ഷകള്‍ നിർത്തലാക്കി ദേശീയതലത്തില്‍ നീറ്റ് പരീക്ഷ കൊണ്ടുവന്നത് കേന്ദ്രസര്‍ക്കാരാണ്. സംസ്ഥാന സർക്കാരുകൾ കുറ്റമറ്റ രീതിയിലായിരുന്നു മെഡിക്കൽ പ്രവേശന പരീക്ഷ നടത്തിയത്. ചോദ്യപേപ്പര്‍ ചോര്‍ച്ചയും ഗ്രേസ് മാർക്ക് സംബന്ധിച്ച വിവാദവും ഉൾപ്പെടെ ഗുരുതര വീഴ്ചകളാണ് ഈ വർഷം നീറ്റ് പരീക്ഷയിൽ പലയിടങ്ങളിൽ റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇതു സംബന്ധിച്ച് തൃപ്തികരമായ വിശദീകരണം നൽകാനും വിദ്യാർത്ഥികളുടെ ആശങ്കകൾ പരിഹരിക്കാനും കേന്ദ്ര സർക്കാരിനോ പരീക്ഷാ നടത്തുന്ന ഏജൻസിക്കോ ഇതുവരെ കഴിഞ്ഞിട്ടില്ല.
രാജ്യത്തെ പ്രൊഫഷണൽ വിദ്യാർത്ഥികളുടെ ഭാവി വെച്ചു പന്താടുന്ന സമീപനമാണ് അധികാരികൾ തുടരുന്നത്. ഒളിച്ചുകളി അവസാനിപ്പിച്ച് വിഷയത്തെക്കുറിച്ച് സമഗ്രമായ അന്വേഷണം നടത്താനും വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും ആശങ്കയ്ക്ക് അടിയന്തിരമായി പരിഹാരം കാണാനും കേന്ദ്ര സർക്കാർ തയാറാകണം.