നീറി കഴിഞ്ഞത് 4 മാസം..ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്ന ടിടിഇ വിനോദിന്റെ അമ്മയും വിട പറഞ്ഞു…
മകന്റെ അപ്രതീക്ഷിത വിയോഗത്തിന്റെ വേദനയും പേറി ജീവിച്ച ലളിത ഓർമയായി. ടിക്കറ്റില്ലാതെ യാത്ര ചെയ്തത് ചോദ്യം ചെയ്തതിന് ഇതര സംസ്ഥാനക്കാരൻ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തിയ ടിടിഇ വി വിനോദിന്റെ അമ്മ അന്തരിച്ചു. വിനോദ് മരിച്ച് നാല് മാസം തികഞ്ഞതിനു പിന്നാലെയാണ് അമ്മയുടെയും മരണം.
മകന്റെ വേർപാടിനെ തുടർന്ന് ലളിതയുടെ ആരോഗ്യം മോശമായിരുന്നു. തുടർന്ന് മകളുടെ വീട്ടിലും ആശുപത്രിയിലുമായാണ് കഴിഞ്ഞിരുന്നത്. ലളിതയുടേയും വിനോദിന്റേയും സ്വപ്ന ഭവനമായ ലളിതാ നിവാസിലേക്ക് താമസം മാറി ആഴ്ചകൾക്ക് പിന്നാലെയായിരുന്നു വിനോദിന്റെ മരണം.അച്ഛന്റെ മരണത്തെ തുടർന്നാണ് വിനോദിന് റെയിൽവേയിൽ ജോലി ലഭിച്ചത്. മെക്കാനിക്കൽ വിഭാഗത്തിൽ ജോലി ചെയ്തിരുന്ന വിനോദ് കാൻസറിനെ അതിജീവിച്ചതിനു ശേഷമാണ് ടിടിഇ കേഡറിലേക്ക് മാറിയത്. സിനിമാ പ്രേമിയായിരുന്ന വിനോദ് നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്.