നീണ്ട എട്ടുവർഷങ്ങൾക്ക് ശേഷം പൾസർ സുനി പുറത്തേക്ക്..കര്‍ശന വ്യവസ്ഥകളോടെ ജാമ്യം..ഉപാധികൾ എന്തൊക്കെയെന്നോ…
നടിയെ ആക്രമിച്ച കേസിലെ മുഖ്യപ്രതി പള്‍സര്‍ സുനിക്ക് കര്‍ശന വ്യവസ്ഥകളോടെ ജാമ്യം. വിചാരണ കോടതിയാണ് പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. സാക്ഷികളെ സ്വാധീനിക്കരുത്, എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി പരിധി വിട്ട് പുറത്ത് പോകരുത്, മാധ്യമങ്ങളോട് സംസാരിക്കരുത് എന്നിവയാണ് ജാമ്യ വ്യവസ്ഥകള്‍. രണ്ട് ആള് ജാമ്യവും ഒരു ലക്ഷം രൂപയുടെ ബോണ്ടും കെട്ടിവെക്കണമെന്നും കോടതി നിര്‍ദേശിച്ചു.പള്‍സര്‍ സുനി കേസിലെ മറ്റു പ്രതികളുമായി ബന്ധം പുലര്‍ത്തരുത്, ഒരു സിം കാര്‍ഡ് മാത്രമേ ഉപയോഗിക്കാവൂ, അതിന്റെ വിശദാംശങ്ങള്‍ കോടതിയെ അറിയിക്കണം എന്നീ വ്യവസ്ഥകളും കോടതി മുന്നോട്ടു വെച്ചിട്ടുണ്ട്. പള്‍സര്‍ സുനിയുടെ സുരക്ഷ റൂറല്‍ പൊലീസ് ഉറപ്പു വരുത്തണമെന്നും എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു.അതേസമയം, സുനിക്ക് അമ്മയെ കാണാനും കോടതി അനുമതി നല്കി.
കേസില്‍ കഴിഞ്ഞ ദിവസമാണ് സുപ്രീം കോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിച്ചത്. വിചാരണ കോടതി നടപടികളെ സുപ്രീം കോടതി രൂക്ഷ ഭാഷയില്‍ വിമര്‍ശിച്ചിരുന്നു. കഴിഞ്ഞ ഏഴര വര്‍ഷമായി പള്‍സര്‍ സുനി ജയിലില്‍ കഴിയുകയാണെന്നും കേസിലെ വിചാരണ ഇപ്പോഴൊന്നും തീരാന്‍ സാധ്യതയില്ലെന്നും കോടതി ചൂണ്ടിക്കാട്ടിയിരുന്നു. പള്‍സര്‍ സുനിക്ക് ജാമ്യം നല്‍കുന്നത് കേസിനെ പ്രതികൂലമായി ബാധിക്കുമെന്ന് സര്‍ക്കാര്‍ വാദിച്ചു. എന്നാല്‍ സുപ്രീം കോടതി പള്‍സര്‍ സുനിക്ക് ജാമ്യം അനുവദിക്കുകയായിരുന്നു.