നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ പെയിന്റ് ഒഴിച്ച സംഭവം; 6 പേർ അറസ്റ്റിൽ. പിടിയിലായത് വിഴിഞ്ഞം സ്വദേശികൾ

വിഴിഞ്ഞം: നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽക്കയറി മുറികളിലും തറയിലും പെയിന്റൊഴിച്ച ശേഷം അശ്ലീലച്ചുവയുള്ള വാക്കുകൾ എഴുതുകയും ഇലക്ട്രിക് വയറുകളും എൽ.ഇ.ഡി ലൈറ്റുകളും മോഷ്ടിക്കുകയും ചെയ്ത സംഭവത്തിൽ ആറ് പ്രതികൾ പിടിയിൽ. വിഴിഞ്ഞം ടൗൺഷിപ്പ്, വിഴിഞ്ഞം കോട്ടപ്പുറം എന്നിവിടങ്ങളിൽ നിന്നുള്ള നജുമുദീൻ(20), ഹാഷിം(21) കോട്ടപ്പുറം ചരുവിള സ്വദേശി ഷാലോ(21), മജീദ്( 24),മാഹീൻ(24), ഇസ്മയിൽ(21) എന്നിവരെയാണ് വിഴിഞ്ഞം പൊലീസിന്റെ പ്രത്യേക സംഘം അറസ്റ്റുചെയ്തത്. കഴിഞ്ഞ 2ന് രാത്രി 1.30ഓടെയാണ് സംഭവം. വിഴിഞ്ഞം ആശുപത്രിറോഡിൽ മണക്കാട് ആറ്റുകാൽ സ്വദേശി പദ്മരാജന്റെ പുതിയ വീട്ടിലാണ് അതിക്രമം നടന്നത്.

ലഹരി ഉത്പന്നങ്ങൾ വാങ്ങുന്നതിനുള്ള പണത്തിനായി ഇലക്ട്രിക്കൽ വയറുകൾ മോഷ്ടിക്കാനാണ് ഇവർ എത്തിയത്. എന്നാൽ, ഏകദേശം വയറിംഗ് പൂർത്തിയായതിനാൽ പ്രതീക്ഷിച്ചത്ര വയറുകൾ ലഭിച്ചില്ല. ഇതിൽ പ്രകോപിതരായാണ് അതിക്രമം നടത്തിയത്.വീട്ടുടമ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് അന്വേഷണം തുടരവെ, വിഴിഞ്ഞം ടൗൺഷിപ്പിലുള്ള ആരിഫാ ബീവിയുടെ കടകുത്തിത്തുറന്ന് മോഷണം നടത്തിയെന്ന പരാതിയും ലഭിച്ചു. പ്രതികളെ പിടികൂടാൻ പൊലീസ് ഇവരുടെ ഒളിത്താവളത്തിൽ എത്തിയപ്പോഴാണ് പെയിന്റ് ഒഴിച്ചു കേടാക്കിയ വീട്ടിലെഴുതിയ അതേ അശ്ലീല വാക്കുകൾ ഇവിടെയും ശ്രദ്ധയിൽപ്പെട്ടത്.

Related Articles

Back to top button