നിര്‍ത്തിയിട്ട ട്രാവലര്‍ മുന്നോട്ടുനീങ്ങി… തടയാന്‍ ശ്രമിച്ച 21 കാരൻ… വാഹനത്തിന് അടിയില്‍പ്പെട്ട് മരിച്ചു…
കൊച്ചി: നിര്‍ത്തിയിട്ടതിന് പിന്നാലെ മുന്നോട്ടുനീങ്ങിയ ട്രാവലര്‍ തടഞ്ഞുനിര്‍ത്താന്‍ ശ്രമിച്ച യുവാവിന് ദാരുണാന്ത്യം. വാഹനത്തിനടിയില്‍ പെട്ട് മൂവാറ്റുപുഴ വാളകം കുന്നയ്ക്കാല്‍ തേവര്‍മഠത്തില്‍ നന്ദുവാണ് ( 21) മരണമടഞ്ഞത്. വ്യാഴാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
ഓട്ടം കഴിഞ്ഞ് മടങ്ങിയെത്തിയ നന്ദു വീടിനു സമീപം ട്രാവലര്‍ പാര്‍ക്ക് ചെയ്തു. എന്നാൽ, ഡ്രൈവർ സീറ്റിൽ നിന്നും പുറത്തിറങ്ങിയതിന് പിന്നാലെ, വാഹനം മുന്നോട്ട് പോകുന്നത് തടയാന്‍ വാഹനത്തില്‍ കയറാന്‍ ശ്രമിച്ച നന്ദു പിടിവിട്ട് വാഹനത്തിനടിയിലേക്ക് വീഴുകയായിരുന്നു. സമീപത്തുണ്ടായിരുന്ന കിടങ്ങിലെ കെട്ടില്‍ ഇടിച്ച് ട്രാവലര്‍ നിന്നതോടെ യുവാവ് വാഹനത്തിനടിയില്‍ കുടുങ്ങി. സമീപവാസികള്‍ വാഹനമുയര്‍ത്തി നന്ദുവിനെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. തുടര്‍ന്ന് ജെസിബി എത്തി വാഹനം നീക്കിയ ഉടൻ തന്നെ യുവാവിനെ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.