നിങ്ങളുടെ അകൗണ്ടിലേക്കും പണം എത്തിയോ ? നൂറുകണക്കിന് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റായത് ലക്ഷക്കണക്കിന് രൂപ !!!! നിക്ഷേപകനെ കണ്ടെത്താനാകാതെ ബാങ്ക്…..
ഒരു സുപ്രഭാതത്തിൽ സ്വന്തം ബാങ്ക് അക്കൗണ്ടിലേക്ക് ലക്ഷക്കണക്കിന് രൂപ ക്രെഡിറ്റ് ചെയ്യപ്പെട്ടിരുന്നെങ്കിലെന്ന് ചിന്തിക്കാത്തവർ വിരളമാണ്. ഇങ്ങനെ ലഭിക്കുന്ന പണം മുഴുവൻ പിൻവലിക്കാനും, അക്കൗണ്ടിലേക്ക് പണം നിക്ഷേപിച്ച അജ്ഞാതൻ ആരെന്ന് കണ്ടെത്താനുമാണ് മിക്ക ആളുകളും ശ്രമിക്കുക. എന്നാൽ, ഇങ്ങനെയൊരു സംഭവം അരങ്ങേറിയിരിക്കുകയാണ്.നൂറുകണക്കിന് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്കാണ് അജ്ഞാതൻ പണം നിക്ഷേപിച്ചിരിക്കുന്നത്. തുക അക്കൗണ്ടിലേക്ക് ക്രെഡിറ്റായതോടെ അക്കൗണ്ട് ഉടമകൾ ഭൂരിഭാഗവും ബാങ്കുകളിലേക്ക് കൂട്ടമായി എത്തിയപ്പോഴാണ് ബാങ്കും ഈ വിവരത്തെക്കുറിച്ച് ശ്രദ്ധിച്ചത്. ഒഡീഷയിലെ കെഡ്രപറയിലെ ഒലിവർ ബ്ലോക്കിലാണ് സംഭവം. ഒഡീഷയിലെ വളരെ പ്രചാരമുള്ള സർക്കാർ ബാങ്കായ ഒഡീഷ്യ ഗ്രാമ്യ ബാങ്കിലാണ് ഇത്തരമൊരു അസാധാരണ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിരിക്കുന്നത്.മുപ്പതിനായിരം രൂപ മുതൽ 2 ലക്ഷം രൂപ വരെയാണ് ഉപഭോക്താക്കളുടെ അക്കൗണ്ടിലേക്ക് ക്രെഡിറ്റായിട്ടുള്ളത്. ഏകദേശം 300 ഓളം അക്കൗണ്ടിലേക്ക് ഇത്തരത്തിൽ പണം എത്തിയിട്ടുണ്ട്. ഈ പണം എവിടെ നിന്നാണ് വന്നതെന്ന് കണ്ടെത്താൻ ബാങ്ക് ശ്രമങ്ങൾ നടത്തിയിട്ടുണ്ട്. എന്നാൽ, തുക ആര് നിക്ഷേപിച്ചെന്നോ, എവിടെ നിന്ന് വന്നെന്നോ ഇതുവരെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ഈ സംഭവത്തിൽ ബാങ്ക് അധികൃതർ കൂടുതൽ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. രാജ്യത്തുടനീളം 549 ഓളം ശാഖകൾ ഉള്ള ബാങ്കാണ് ഒഡീഷ ഗ്രാമ്യ ബാങ്ക്.