നാളെ എ ഐ എസ് എഫിൻ്റെ വിദ്യാഭ്യാസ ബന്ദ്
നാളെ എ ഐ എസ് എഫിൻ്റെ വിദ്യാഭ്യാസ ബന്ദ്. എസ് എൻ കോളേജിൽ എസ്എഫ്ഐ എഐഎസ്എഫ് സംഘർഷം നടന്നിരുന്നു. സംഘർഷത്തിൽ 14 എഐഎസ്എഫ് പ്രവർത്തകർക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ മൂന്നു പേരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമണത്തിൽ പ്രതിഷേധിച്ച് എഐഎസ്എഫ് നാളെ കൊല്ലം ജില്ലയിൽ പഠിപ്പ് മുടക്കും.
രാവിലെ പതിനൊന്നരയോടെയായിരുന്നു സംഘർഷം. 30ലധികം വരുന്ന എസ്എഫ്ഐ പ്രവർത്തകർ എഐഎസ്എഫ് പ്രവർത്തകരെ അക്രമിക്കുകയായിരുന്നു. മർദനത്തിൽ പെണ്കുട്ടികൾക്കടക്കമുള്ളവര്‍ക്ക് പരിക്കേറ്റു. സാരമായി പരിക്കേറ്റ മൂന്ന് പേരെ പാരിപ്പള്ളി മെഡിക്കൽ കോളേജിലും മറ്റുള്ളവരെ കൊല്ലം ജില്ലാ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം നടന്ന കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ 15 ക്ലാസ് റെപ് സീറ്റുകളിൽ എഐഎസ്എഫ് വിജയിച്ചിരുന്നു. ഇതിൽ പ്രകോപിതരായി എസ്എഫ്ഐ പ്രവർത്തകർ മർദ്ദിക്കുകയായിരുന്നു എന്നാണ് എഐഎസ്എഫിന്റെ ആരോപണം.
അതേസമയം ആരോപണം അടിസ്ഥാനരഹിതമെന്നാണ് എസ്എഫ്ഐയുടെ വാദം. കോളേജിലെ ലഹരിമരുന്ന് സംഘവുമായി ഉണ്ടായ പ്രശ്നങ്ങളാണ് സംഘട്ടനത്തിൽ കലാശിച്ചതെന്നുമാണ് എസ്.എഫ്.ഐയുടെ വിശദീകരണം. എഐഎസ്എഫ് പ്രവർത്തകരുടെ പരാതിയിൽ കൊല്ലം ഈസ്റ്റ് പോലീസ് കേസെടുത്തു അന്വേഷണം തുടങ്ങി.