നാല് മാസം ബാങ്ക് കയറിയിറങ്ങിയെന്ന് ജീവനൊടുക്കിയ സോമസാഗരത്തിന്‍റെ മകൾ….
തിരുവനന്തപുരം: നെയ്യാറ്റിൻകര പെരുമ്പഴുതൂർ ബാങ്കിലെ ഓഡിറ്റ് വീഴ്ച സമ്മതിച്ച് ബാങ്ക് അധികൃതർ. നിക്ഷേപം പിൻവലിക്കരുതെന്നും പരാതി പറയരുതെന്നും നിക്ഷേപകരെ നേരിൽ കണ്ട് ആവശ്യപ്പെടുകയാണ് ബാങ്ക് അധികൃതർ. ഇഷ്ടക്കാര്‍ക്ക് കോൺഗ്രസ് ഭരണ സമിതി ക്രമവിരുദ്ധമായി വൻ തുകകൾ വായ്പ നൽകിയതാണ് ബാങ്കിന്റെ തകര്‍ച്ചക്ക് കാരണമെന്നാണ് ആരോപണം.നെയ്യാറ്റിൻകര സ്വദേശി സോമസാഗരം ജീവനൊടുക്കിയത് പെരുമ്പഴുതൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്തതിന് പിന്നാലെയാണ്. സഹകരണ ബാങ്കില്‍ നിക്ഷേപിച്ച അഞ്ചുലക്ഷം രൂപ മകളുടെ വിവാഹത്തിനായാണ് തിരികെ ആവശ്യപ്പെട്ടത്. സോമസാഗരം മരിച്ച് രണ്ടു ദിവസം പിന്നിട്ടിട്ടും ഒരു നടപടിയുമുണ്ടായില്ലെന്നാണ് ബന്ധുക്കളുടെ ആരോപണം. ചികിത്സയ്ക്കിടെ പലതവണ ബാങ്കിൽ പണത്തിനായി സമീപിച്ചപ്പോള്‍ ഭീഷണിപ്പെടുത്തിയെന്ന് ബന്ധുക്കൾ പറയുന്നു. മൂന്നു നാല് മാസമായി പണം തിരികെ തരാൻ ബാങ്കിൽ പോയി ആവശ്യപ്പെട്ടെന്ന് സോമസാഗരത്തിന്‍റെ മകള്‍ പറഞ്ഞു. ഒന്നോ രണ്ടോ ആഴ്ച കഴിഞ്ഞു വരാനാണ് അവർ പറഞ്ഞുകൊണ്ടിരുന്നതെന്ന് മകള്‍ പറഞ്ഞു. സമാന അനുഭവം ഉള്ള വേറെയും നിക്ഷേപകരുണ്ട്.
മതിയായ ഈടില്ലാതെ വൻ തുകക്ക് വായ്പ നൽകി തുടങ്ങിയതോടെയാണ് ബാങ്കിന്റെ തകര്‍ച്ച തുടങ്ങിയതെന്നാണ് ആക്ഷേപം. കല്യാണ മണ്ഡപം പണിതും സഹകരണ സ്റ്റോർ തുടങ്ങിയും വരുമാന വര്‍ദ്ധനക്ക് തേടിയ വഴികളും തിരിച്ചടിയായി. കൃത്യമായ ഓഡിറ്റിംഗ് പോലും ഇല്ലാതെയാണ് കാര്യങ്ങളെന്ന് അധികൃതര്‍ തന്നെ സമ്മതിക്കുന്നുണ്ട്. അനധികൃത വായ്പകൾ തിരിച്ച് പിടിക്കാൻ അടിയന്തര നടപടി വേണമെന്നാണ് നിക്ഷേപകരുടെ ആവശ്യം. ഭരണ സമിതിക്കെതിരെ കർശന നടപടി എടുക്കാൻ സഹകരണ വകുപ്പ് നീക്കം തുടങ്ങി.