നാരായണൻ ചേട്ടന് അഭയമായ് ഇനി ഇലഞ്ഞിമേൽ ഗാന്ധിഭവൻ
മാവേലിക്കര- ചെറിയ പ്രായത്തിൽ മാവേലിക്കര പ്രായിക്കരയിൽ നിന്ന് നാടുവിട്ട് 40 വർഷം തമിഴ്നാട്ടിൽ ജോലി ചെയ്ത കെ.വി.നാരായണൻ ചേട്ടൻ കഴിഞ്ഞ ഒരു വർഷമായ് ചെട്ടിക്കുളങ്ങര ക്ഷേത്രത്തിൽ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ്റെ തണലിൽ കഴിയുകയായിരുന്നു. എന്നാൽ പ്രായാധിക്യത്തിൻ്റെ പ്രയാസത്താൽ ബുദ്ധിമുട്ടുന്ന നാരായണൻ്റെ ശാരിരിക അവസ്ഥ മനസ്സിലാക്കി ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ ഭാരവാഹികൾ ചെട്ടികുളങ്ങര സേവാഭാരതിയെ അറിയിക്കുകയും സേവാഭാരതി ഇലഞ്ഞിമേൽ ഗാന്ധിഭവനെ സമീപിക്കുകയുമായിരുന്നു.
ഗാന്ധിഭവൻ ഡയറക്ടർ കെ.ഗംഗാധരൻ, ചെയർമാൻ മുരളീധരൻ തഴക്കര എന്നിവർ ഗാന്ധിഭവനിലെ അന്തേവാസിയായി കെ.വി.നാരായണനെ ഉൾപ്പെടുത്താൻ സമ്മതിക്കുകയും ക്ഷേത്രത്തിൽ നിന്ന് നാരായണനെ ഇലഞ്ഞിമേൽ ഗാന്ധിഭവനിലേക്ക് കൂട്ടിക്കൊണടുപോകുകയുമായിരുന്നു. സേവാഭാരതിയുടെ നേത്യത്വത്തിൽ പുതുവസ്ത്രങ്ങൾ നാരായണന് കൈമാറി. യാത്രയയക്കുവാൻ ചെട്ടികുളങ്ങര ക്ഷേത്ര ഭരണസമിതിയായ ശ്രീദേവി വിലാസം ഹിന്ദുമത കൺവൻഷൻ പ്രസിഡൻ്റ് ബി.ഹരികൃഷ്ണൻ, സെക്രട്ടറി എം.മനോജ് കുമാർ, സേവാഭാരതി ജില്ലാ ഭാരവാഹികളായ ഗോപൻ ഗോകുലം, റജികുമാർ, കെ.സുരേഷ് കുമാർ, ആർ.ബാലഗോപാൽ, ചെട്ടികുളങ്ങര യൂണിറ്റ് പ്രസിഡൻ്റ് സുനിതവേണു, വി.കെ.ഭുവനചന്ദ്രനാഥ്, ആർ.രാഹുൽ, എ.അരുൺ ദേവ്, ഗാന്ധിഭവൻ മാനേജർ ഡി.ജയശ്രീ എന്നിവർ എത്തിയിരുന്നു.