നായ ആക്രമിച്ചെന്ന് പറഞ്ഞിട്ടും കുത്തിവെപ്പ് നൽകിയില്ല..വിദ്യാർത്ഥിയുടെ മരണത്തില്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിക്കെതിരെ ബന്ധുക്കൾ….
ഹരിപ്പാട് പള്ളിപ്പാട് പേവിഷ ബാധയേറ്റ് എട്ട് വയസുകാരന്‍ മരിച്ചതില്‍ ആശുപത്രിക്കെതിരെ പരാതിയുമായി കുടുംബം. ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചിട്ടും വേണ്ട ചികിത്സ നൽകിയില്ലെന്ന് കുടുംബം ആരോപിച്ചു. നായ ആക്രമിച്ചുയെന്ന് പറഞ്ഞിട്ടും കുത്തിവെപ്പ് എടുത്തില്ലെന്ന് കുടുംബം പറയുന്നു.പള്ളിപ്പാട് സ്വദേശി ദേവനാരായണനാണ് മരിച്ചത്.
രണ്ടു വട്ടം ഡോക്ടര്‍മാരെ കണ്ടിട്ടും കുത്തിവെയ്പ് നല്‍കിയില്ലെന്ന് മുത്തച്ഛന്‍ കുറ്റപ്പെടുത്തി. ഒരുമാസം മുമ്പാണ് ദേവനാരായണനെ തെരുവുനായ ആക്രമിച്ചത്. മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെ വീടിന് മുന്നിലൂടെ പോയ അമ്മയെയും കുഞ്ഞിനെയും തെരുവുനായ കടിക്കാന്‍ ഓടിയെത്തിയതു കണ്ട ദേവനാരായണന്‍ കയ്യിലിരുന്ന പന്ത് നായയുടെ നേര്‍ക്ക് എറിഞ്ഞു. ഇതോടെ നായ ദേവനാരായണന് നേരെ തിരിഞ്ഞു. നായ ആക്രമിക്കാന്‍ ശ്രമിച്ചപ്പോള്‍ നായയോടൊപ്പം കുട്ടി ഓടയില് വീണിരുന്നു. ആശുപത്രിയില്‍ എത്തിച്ച കുട്ടിക്ക് വീണ് പരിക്കേറ്റതിനാണ് ചികിത്സ നല്‍കിയതെന്ന് ബന്ധുക്കള്‍ പറയുന്നു.
കുട്ടിയെ ആശുപത്രിയിൽ എത്തിച്ചപ്പോൾ വയറിന്റെ താഴ്ഭാഗത്ത് ഒരു പാടുണ്ടായിരുന്നു. ഇത് നായ ആക്രമിച്ചതാണെന്ന് വീട്ടുകാർ പറഞ്ഞിരുന്നു. എന്നാൽ കല്ല് കൊണ്ടാതായിരിക്കും എന്നാണ് ഡോക്ടർമാർ പറഞ്ഞത്. വേണ്ട ചികിത്സയോ പരിചരണമോ കുട്ടിക്ക് ലഭ്യമായില്ലെന്ന് കുടുംബം പറയുന്നു. വേദന സംഹാരി ഗുളിക നൽകി കുട്ടിയെ പറഞ്ഞുവിടുകയായിരുന്നു.പിന്നീട് കുട്ടിയുടെ ആരോഗ്യനില വഷളായിരുന്നു. പേവിഷബാധയുടെ ലക്ഷണങ്ങൾ കാണിച്ച് തുടങ്ങിയിരുന്നു. വണ്ടാനം മെഡിക്കൽ കോളജിൽ കുട്ടിയെ പ്രവേശിപ്പിച്ചിരുന്നു. അതീവ ഗുരുതരാവസ്ഥയിലായിരുന്ന കുട്ടി ഇന്നലെ ഉച്ചയോട് കൂടിയാണ് മരിച്ചത്.