നാട്ടിലേക്കുള്ള യാത്രക്കിടയിൽ മാനസികാസ്വാസ്ഥ്യം……യുപി സ്വദേശിക്ക് മലയാളികൾ തുണയായി….
നാട്ടിലേക്കുള്ള യാത്രക്കിടയിൽ മാനസികാസ്വാസ്ഥ്യം മൂലം വിമാനത്താവളത്തിൽ കുടുങ്ങിയ ഉത്തർപ്രദേശ് സ്വദേശിക്ക് മലയാളി സാമൂഹികപ്രവർത്തകർ തുണയായി. റിയാദ് കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ട്രാൻസിസ്റ്റ് ടെർമിനലിൽ മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ച മഹാരാജ് ഗഞ്ച് കൊൽഹ്യു സ്വദേശി ഇന്ദ്രദേവ് എന്ന യുവാവിനെയാണ് സാമൂഹിക പ്രവർത്തകർ ഏറ്റെടുത്ത് സംരക്ഷണം നൽകി നാട്ടിലെത്തിച്ചത്.നജ്റാനിലുള്ള പിതൃസഹോദര പുത്രൻ വഴി ഹൗസ് ഡ്രൈവറായും ആട്ടിടയനായും ഇക്കഴിഞ്ഞ മെയ് മാസത്തിലാണ് എത്തിയത്. നജ്റാനിലായിരുന്നു ജോലിസ്ഥലം. പക്ഷെ ഒരാഴ്ചക്കുള്ളിൽ തന്നെ മാനസിക നില തകർന്ന ഇന്ദ്രദേവിനെ നജ്റാനിൽ നിന്ന് റിയാദ് വഴി ഡൽഹിയിലേക്ക് അയക്കാനാണ് നാസ് എയർ വിമാനത്തിൽ കയറ്റിവിട്ടത്. കണക്ഷൻ വിമാനത്തിൽ റിയാദിലെത്തിയ യുവാവ് ട്രാൻസിറ്റ് ടെർമിനലിലെ നിരോധിത മേഖലയിൽ കടക്കാൻ ശ്രമിക്കുകയും സുരക്ഷ ഉദ്യോഗസ്ഥനുമായി സംസാരമുണ്ടാകുകയും ചെയ്തതിനെ തുടർന്ന് വിമാനം അധികൃതർ യാത്ര നിഷേധിച്ചു.