നാടുവിട്ട ദമ്പതികളെ കണ്ടെത്തി
കണ്ണൂർ: ഫർണിച്ചർ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് നാടുവിട്ട ദമ്പതികളെ കണ്ടെത്തി. കോയമ്പത്തൂരിൽ നിന്നാണ പൊലീസ് ഇവരെ കണ്ടെത്തിയത്. ഇന്ന് തന്നെ ഇവരെ കണ്ണൂരിലെത്തിക്കും. രാജ് കബീറിന്റേയും ഭാര്യ ശ്രീവിദ്യയുടേയും മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നുള്ള പരിശോധനയിലാണ് ഇവരെ കോയമ്പത്തൂരിൽ നിന്ന് കണ്ടെത്തിയത്. ഇവർ ഫോൺ സ്വിച്ച് ഓഫ് ചെയ്തിരുന്നെങ്കിലും ടവർ ലൊക്കേഷൻ പൊലീസിന് ലഭ്യമായി. തുടർന്ന് ഡി ഐ ജി രാഹുൽ ആർ നായരുടെ നിർദേശ പ്രകാരം കോയമ്പത്തൂരിലെത്തിയ പൊലീസ് ദമ്പതികളെ കണ്ടെത്തുകയായിരുന്നു.
ഫർണിച്ചർ വ്യവസായ സ്ഥാപനത്തിന് തലശ്ശേരി നഗരസഭ പൂട്ടിട്ടതോടെ മനം മടുത്ത് നാടു വിടുന്നു എന്ന് കത്തെഴുതി വച്ചാണ് തലശ്ശേരിയിലെ വ്യവസായി ദമ്പതികൾ പോയത്. നഗരസഭയുടെ നിരന്തര പീഡനം കാരണം മുന്നോട്ട് പോകാനാകുന്നില്ലെന്നാണ് നഗരസഭക്കെതിരെ എഴുതിയ കത്തിൽ പറയുന്നുണ്ട്
ഇതിനിടെ ദമ്പതികൾക്കെതിരെ ഗുരുതര ആരോപണവുമായി തലശേരി നഗരസഭ ചെയർപേഴ്സൺ ജമുനാ റാണി രംഗത്തെത്തി.നഗരസഭയെ കരുതിക്കൂട്ടി ആക്രമിക്കാൻ വേണ്ടിയാണ് വ്യവസായി രാജ് കബീറും ഭാര്യ ശ്രീദിവ്യയും നാട് വിട്ടതെന്ന് ജമുനാ റാണി പറഞ്ഞു. സ്ഥാപനത്തിന് മുന്നിൽ ഷീറ്റ് ഇട്ടതിനാണ് നാലര ലക്ഷം രൂപ പിഴയിട്ടത്. ഭരണ സംവിധാനത്തെ തകർക്കാനുള്ള നീക്കമാണ് ഇപ്പോൾ വ്യവസായി നടത്തുന്നത്. വ്യവസായ വകുപ്പ് ഈ വിഷയത്തിൽ ഒരു സംഭാഷണവും നഗരസഭയുമായി നടത്തിയിട്ടില്ല എന്നും ജമുനാ റാണി പറയുന്നു