നവീന സാംസ്ക്കാരിക സമിതി ഓണാഘോഷം
മാവേലിക്കര- റെയിൽവെ സ്റ്റേഷന് പടിഞ്ഞാറ് ഭാഗം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കുട്ടികളുടെ ക്ലബ്ബായ നവീന സാംസ്ക്കാരിക സമിതി ഓണാഘോഷം നടത്തി. രാവിലെ കുട്ടികളുടെ വിവിധ കലാപരിപാടികളും ഓണക്കളികളും നടന്നു. വൈകിട്ട് കൈകൊട്ടിക്കളി,തിരുവാതിരകളി, രാത്രി നാടൻപാട്ട് എന്നിവ നടത്തി.
കൊച്ചു കുട്ടികളാണ് സംഘാടകരെങ്കിലും അവരെ സഹായിക്കുന്നതിന് പഴയ തലമുറയിൽപ്പെട്ടവർ ഒത്തുചേർന്നപ്പോൾ അതൊരു നാടിൻ്റെ മൊത്തം ആഘോഷമായി മാറി. ക്ലബ്ബിൻ്റെ ആദ്യകാല പ്രവർത്തകരും, വിദേശത്തുള്ളവരും, സൈന്യത്തിൽ രാജ്യ സേവനം നടത്തുന്നവരും കുട്ടികളുടെ ഓണാഘോഷത്തിന് പങ്കെടുക്കുന്നതിനായി എത്തിച്ചേർന്നിരുന്നു.
പോയ കാലത്തെ നാടൻ ഓണക്കളികളും, അത്തപ്പൂക്കളമൊരുക്കലുമെല്ലാം നൂറുകണക്കിന് പേരുടെ പങ്കാളിത്തത്തോടെയാണ് നടന്നത്. കുപ്പിയിൽ വെള്ളം നിറക്കൽ, സുന്ദരിക്ക് പൊട്ടുതൊടൽ,
മിഠായി പെറുക്കൽ, ഉറിയടി, കുട്ടികളുടെ സിനിമാറ്റിക് ഡാൻസ്, വടംവലി, എന്നിവയും നടത്തി.