നവജാത ശിശുവിന്‍റെ കൊലപാതകത്തിൻറെ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്… മരണ കാരണം തലയോട്ടിക്കേറ്റ പരിക്ക് ….
കൊച്ചി: കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുക്കി നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്ത്. തലയോട്ടിക്കുണ്ടായ പരിക്കാണ് മരണം കാരണമെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നത്. കീഴ് താടിക്കും പരുക്കുണ്ട്. മുറിക്കുള്ളിൽ വെച്ചാണോ റോഡിൽ വീണതിനെ തുടർന്നാണോ മരണ കാരണമായ പരിക്ക് തലയോട്ടിക്ക് ഉണ്ടായതെന്ന് പൊലീസ് പരിശോധിക്കുകയാണ്. കുഞ്ഞിന്റെ ശരീരത്തിൽ സമ്മർദ്ദം ചെലുത്തിയെന്നും പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ടില്‍ പറയുന്നു. അതേസമയം, കുഞ്ഞിന്‍റെ അമ്മയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി.
ഇന്ന് പുലർച്ചെ അഞ്ച് മണിക്ക് ബാത്ത് റൂമിലാണ് യുവതി പ്രസവിച്ചത്. പരിഭ്രാന്തയായ താൻ കുഞ്ഞിനെ എങ്ങനേയും മറവ് ചെയ്യണം എന്ന ഉദ്ദേശത്തിലാണ് താഴേക്ക് വലിച്ചെറിഞ്ഞത് എന്നാണ് യുവതി പൊലീസിന് മൊഴി നല്‍കിയത്. കൊലപാതകക്കുറ്റം ചുമത്തി കസ്റ്റഡിയിലെടുത്ത യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പോസ്റ്റുമാർട്ടം റിപ്പോർട്ട് കൂടി കിട്ടയശേഷമാകും തുടർ നടപടികൾ. ആരോഗ്യ നില തൃപ്തികരമായ ശേഷം യുവതിയെ കസ്റ്റഡിയിൽ വാങ്ങാനാണ് പൊലീസിന്‍റെ തീരുമാനം. യുവതിയുടെ മൊഴി എതിരായാൽ മാത്രം സുഹൃത്തായിരുന്ന ആൾക്കെതിരെ അന്വേഷണം നടത്തും