നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്തു..യുവാവ് അറസ്റ്റിൽ…
വിദേശത്ത് നഴ്സിങ് ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ യുവാവ് പിടിയിൽ.വാഴൂർ സ്വദേശി ജോൺസൺ എം ചാക്കോയെ (30) ആണ് കോട്ടയം ഈസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്.മുട്ടമ്പലം സ്വദേശിനിയിൽ നിന്ന് ജോൺസൺ ജോലി ചെയ്യുന്ന കഞ്ഞിക്കുഴിയിലെ ഏജൻസി പലപ്പോഴായി ഏഴ് ലക്ഷം രൂപ തട്ടിയതായിട്ടാണ് പരാതി.
ഏജൻസി നൽകിയ വിസയുമായി ന്യൂസിലാൻഡിൽ എത്തിയ യുവതിക്ക് നഴ്സിങ്ങിന് പകരം ജോലി കിട്ടിയത് പേപ്പർ കമ്പനിയിൽ. ഇവർ നൽകിയ വിസ പ്രകാരം യുവതിക്ക് മറ്റൊരു ജോലിയിൽ പ്രവേശിക്കുന്നതിന് സാധ്യമല്ലായിരുന്നു. തുടർന്ന് യുവതി തിരികെ നാട്ടിൽ എത്തി. തുടർന്നാണ് യുവതിയും ഭർത്താവും പൊലീസിൽ പരാതി നൽകിയത്.പരിശോധനയിൽ സ്ഥാപനത്തിലെ ജീവനക്കാരനായ ഇയാളുടെ അക്കൗണ്ടിലേക്ക് പണം എത്തിയതായി കണ്ടെത്തി. തുടർന്നാണ് പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാൻഡ് ചെയ്തു. കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടെന്നും മറ്റു പ്രതികൾക്കായി തിരച്ചിൽ ശക്തമാക്കിയതായും പൊലീസ് പറഞ്ഞു.