നരേന്ദ്ര മോദി സർക്കാരിന്റെ സത്യപ്രതിജ്ഞ ശനിയാഴ്ച..?പിടികൊടുക്കാതെ നായിഡു…
നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാർ ശനിയാഴ്ച സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുമെന്ന് റിപ്പോർട്ട്.രാഷ്ട്രപതിഭവനില്‍ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.ഇതുമായി ബന്ധപ്പെട്ട് നരേന്ദ്രമോദി,രാജ്നാഥ് സിങ് , അമിത് ഷാ എന്നിവർ രാഷ്ട്രപതിഭവനിലെത്തിയിട്ടുണ്ടെന്നാണ് വിവരം. സർക്കാർ രൂപീകരിക്കാൻ ഘടകകക്ഷികളുടെ പിന്തുണ അറിയിച്ചുള്ള കത്ത് കൈമാറും. ഇതിനായി ജെഡിയു, ടിഡിപി എന്നിവരില്‍ നിന്നും പിന്തുണക്കത്ത് ലഭിക്കാന്‍ ബിജെപി സമ്മര്‍ദ്ദം ശക്തമാക്കിയിട്ടുണ്ട്.ഇതിനൊപ്പം തന്നെ രണ്ടാം മോദി സർക്കാരിന്റെ രാജിക്കത്തും കൈമാറും.
നേരത്തെ ഞായറാഴ്ച സത്യപ്രതിജ്ഞ ചടങ്ങ് നടത്താനായിരുന്നു ബിജെപി ആലോചിച്ചിരുന്നത്. എന്നാല്‍ എന്‍ഡിഎയ്‌ക്കൊപ്പമുള്ള ജെഡിയുവിനെയും ടിഡിപിയെയും മുന്നണിയിലേക്ക് എത്തിക്കാന്‍ ഇന്ത്യ സഖ്യം ശ്രമിക്കുന്ന സാഹചര്യത്തിലാണ് ഒരുദിവസം മുമ്പേ സത്യപ്രതിജ്ഞ നടത്തുന്നതെന്നാണ് സൂചന.എന്‍ഡിഎക്കൊപ്പമാണെന്ന് ടിഡിപി നേതാവ് ചന്ദ്രബാബു നായിഡു വ്യക്തമാക്കിയിരുന്നു.എന്നാല്‍ നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരണത്തില്‍ ഇതുവരെ നിലപാട് വ്യക്തമാക്കിയിട്ടില്ല. ഡല്‍ഹിയിലെത്തിയ നിതീഷ് കുമാര്‍ സര്‍ക്കാര്‍ രൂപീകരിക്കുക തന്നെ ചെയ്യും എന്നുമാത്രമാണ് പറഞ്ഞത്. എന്നാല്‍ ആരുടെ സര്‍ക്കാര്‍ എന്നു വ്യക്തമാക്കിയിട്ടില്ല.