നരകയാത്രയാണ് ജനറൽ കമ്പാർട്ടുമെന്റുകളിലേത്…

കണ്ണൂർ: ജനറൽ കമ്പാർട്ടുമെന്‍റ് പോലെ തന്നെ തിക്കും തിരക്കുമാണ് ഇപ്പോൾ സ്ലീപ്പർ കമ്പാർട്ട്മെന്‍റുകളിലും. റിസർവേഷൻ ടിക്കറ്റുള്ളവർ നിന്ന് യാത്ര ചെയ്യേണ്ട അവസ്ഥ വരെയുണ്ട്. ഗുരുതര സുരക്ഷാ വീഴ്ചയുണ്ടാകാവുന്ന സാഹചര്യമാണെന്ന് യാത്രക്കാർ പറയുന്നു. ജനറൽ കമ്പാർട്ട്മെന്‍റുകള്‍ നരകമാണെന്ന് യാത്രക്കാർ പ്രതികരിച്ചു. ഒരുതരത്തിലും അടുക്കാൻ പറ്റാത്ത സാഹചര്യം. അത്രയ്ക്ക് തിരക്കാണ്. അപ്പോള്‍ പലരും നേരെ ചെന്നുകയറുന്നത് സ്ലീപ്പറിലാണ്. ടിക്കറ്റുള്ളവരാണോ കയറുന്നത് എന്നുപോലും കൃത്യമായി പരിശോധിക്കുന്നില്ല. പ്ലാറ്റ്ഫോമിൽ തുടങ്ങി സുരക്ഷ ഏർപ്പാടാക്കണം. മദ്യപിച്ച് കയറുന്നവരെയും ക്രിമിനലുകളെയും ട്രെയിനിൽ കയറും മുൻപ് തന്നെ തടയാൻ കഴിയണമെന്ന് യാത്രക്കാർ പറയുന്നു. സുരക്ഷയിൽ ആശങ്കയുണ്ടെന്ന് വനിതാ യാത്രക്കാരും വ്യക്തമാക്കി. എലത്തൂരിൽ ട്രെയിൻ തീവയ്പ്പിന് പിന്നാലെ തൃശൂരിൽ ടിടിഇ വിനോദിന്‍റെ കൊലപാതകകവും സംഭവിച്ചതോടെ ട്രെയിൻ യാത്രയുടെ അരക്ഷിതാവസ്ഥ വീണ്ടും ചർച്ചയാവുകയാണ്. ട്രെയിനിൽ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിക്കാത്തത് മുതൽ ജനറൽ കംപാർട്ട്മെന്‍റുകളുടെ എണ്ണം വെട്ടിക്കുറച്ചത് വരെയുള്ള അനാസ്ഥയിൽ നിസ്സംഗത തുടരുകയാണ് റെയിൽവേ. 2011 ല്‍ ജോലി കഴിഞ്ഞ് മടങ്ങുമ്പോള്‍ സൗമ്യ, 2024 ല്‍ ജോലിക്കിടെ ടിടിഇ വിനോദ്, ട്രെയിനിലുള്ളില്‍ വെച്ചുള്ള കൊലപാതകങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ ആരാണ് ഇതിന് ഉത്തരവാദി എന്നുള്ള ചോദ്യമാണ് . സംസ്ഥാനത്തെ ട്രെയിനുകളിലെ സുരക്ഷയില്‍ അധികൃതര്‍ നിസംഗത തുടരുകയാണെന്നാണ് യാത്രക്കാര്‍ പറയുന്നത്. മിക്ക ട്രെയിനുകളിലും സുരക്ഷാ ഉദ്യോഗസ്ഥരില്ല. മിക്ക റെയില്‍വേ സ്റ്റേഷനുകളിലും ശരിയായി പ്രവര്‍ത്തിക്കുന്ന സിസിടിവി ക്യാമറകളില്ലെന്നും യാത്രക്കാര്‍ പറയുന്നു. ജനറൽ കംപാർട്ട്മെന്‍റുകളുടെ എണ്ണം വെട്ടിക്കുറച്ചതും ദുരിതമാണെന്ന് യാത്രക്കാർ വ്യക്തമാക്കി.

Related Articles

Back to top button