നന്മയ്ക്ക് മാവേലിക്കര എം.വി.ഡിയുടെ ആദരം… കൈയ്യടിച്ച് യാത്രക്കാർ….
മാവേലിക്കര: ഹരിപ്പാട് പത്തനംതിട്ട റൂട്ടിൽ ഓടുന്ന അനിഴം എന്ന പേരിലുള്ള സ്വകാര്യ ബസ് അന്വേഷിച്ച് മാവേലിക്കര ജോയിൻറ് ആർ.ടി.ഒയും ഉദ്യോഗസ്ഥ സംഘവും മുൻസിപ്പൽ ബസ്റ്റാൻഡിൽ എത്തിയപ്പോൾ വാഹനം പരിശോധനക്കാവുമെന്നാണ് ബസ് ജീവനക്കാർ കരുതിയത്. ഉദ്യോഗസ്ഥരെ കണ്ട് യാത്രക്കാരും തടിച്ചുകൂടി. എന്നാൽ വന്നതിന് പിന്നിലുള്ള കാര്യം അറിഞ്ഞപ്പോൾ കൈയ്യടിയോടെയാണ് നാട്ടുകാർ ഉദ്യോഗസ്ഥരെ സ്വീകരിച്ചത്.
കഴിഞ്ഞ ദിവസം ഇടപ്പോണിൽ രണ്ട് ഇരുചക്ര വാഹനങ്ങൾ തമ്മിൽ കൂട്ടിയിടിക്കുകയും വണ്ടി ഓടിച്ചിരുന്നവർ റോഡിൽ തെറിച്ചുവീണ് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഈ സമയം അതുവഴി വന്ന ബസ് ജീവനക്കാർ റോഡിൽ പരിക്കേറ്റു കിടന്ന ഇരുചക്രവാഹന യാത്രികരെ ബസ്സിൽ കയറ്റി മൂന്ന് കിലോമീറ്റർ സഞ്ചരിച്ച് ആശുപത്രിയിൽ എത്തിച്ച് ജീവൻ രക്ഷിച്ചു. ബസ്സിന്റെ ക്യാമറയിൽ പതിഞ്ഞ ദൃശ്യങ്ങൾ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും അത് മാവേലിക്കര ജോയിൻറ് ആർ.ടി.ഒ എം.ജി മനോജിന്റെ ശ്രദ്ധയിൽപ്പെടുകയുമായിരുന്നു. നന്മയുടെ ഈ പ്രവർത്തിയാണ് ബസ്ജീവനക്കാരെ അനുമോദിക്കാൻ എം.വി.ഡി ഉദ്യോഗസ്ഥരെ പ്രേരിപ്പിച്ചത്.
അനിഴം ബസിലെ ജീവനക്കാരാണ് രക്ഷാപ്രവർത്തനം നടത്തിയത്. ജോയിൻറ് ആർ.ടി.ഒ എം.ജി മനോജിന്റ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ ബസ്സിന്റെ ഡ്രൈവറെയും കണ്ടക്ടറെയും പൊന്നാട അണിയിച്ച് ആദരിച്ചു. ട്രിപ്പ് മുടങ്ങും എന്നറിഞ്ഞിട്ടും റോഡിൽ രക്തം വാർന്നു കിടന്നവരെ രക്ഷിക്കാൻ കാണിച്ച നന്മയെ ജോയിൻറ് ആർ.ടി.ഓ അഭിനന്ദിച്ചു. മറ്റുള്ളവർക്കും ഈ പ്രവർത്തി ഒരു മാതൃകയാണെന്ന് അദ്ദേഹം പറഞ്ഞു. വാർഡ് മെമ്പർ കൂടിയായ മാവേലിക്കര നഗരസഭ ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശാന്തി അജയൻ, എം.വി.ഐ സജിത്, എ.എം.വി.ഐമാരായ സജു പി.ചന്ദ്രൻ, പ്രസന്നകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പരിശോധനകൾ നടത്തുന്നത് മാത്രം കണ്ടിട്ടുള്ള എം.വി.ഡി ഉദ്യോഗസ്ഥരുടെ വ്യത്യസ്തമായ ഈ പ്രവർത്തി കണ്ട് കൂടിനിന്ന യാത്രക്കാർ കയ്യടിച്ച് പ്രോത്സാഹിപ്പിച്ചു.