നഗ്നത പ്രദര്‍ശിപ്പിക്കണം..ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കണം..അതിക്രമം കാട്ടിയവരില്‍ ഉന്നതര്‍..നടിമാര്‍ക്ക് തുറന്നു പറയാന്‍ ഭയമെന്ന് റിപ്പോർട്ട്…
ചലച്ചിത്രമേഖലയിലെ വനിതകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കെ ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിലെ 233 പേജുകള്‍ വിവരാവകാശ നിയമപ്രകാരം സര്‍ക്കാര്‍ പുറത്തുവിട്ടു. മലയാള സിനിമ മേഖലയിലെ പുരുഷാധിപത്യം എത്രത്തോളം ഭയാനകമെന്നാണ് റിപ്പോർട്ടിൻ്റെ ഉള്ളടക്കം വ്യക്തമാക്കുന്നത്. അല്പവസ്ത്രം ധരിച്ചാല്‍ കൂടുതല്‍ അവസരം ലഭിക്കുമെന്നും പലപ്പോഴും ഇറുകിയ വസ്ത്രങ്ങള്‍ ധരിക്കാന്‍ നിര്‍ബന്ധിക്കുമെന്ന് ചൂഷണത്തിനായി ഇടനിലക്കാര്‍ പ്രവര്‍ത്തിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.സിനിമ മേഖലയില്‍ വ്യാപക ചൂഷണമാണ് നടക്കുന്നത്. പൊലീസിനെ സമീപിക്കാത്തത് ജീവഭയം കൊണ്ടാണ്. സിനിമയിലെ ഉന്നതര്‍ തന്നെയാണ് പലപ്പോഴും അതിക്രമം കാട്ടുന്നത്. സംവിധായകര്‍ക്കെതിരേയും പലരും മൊഴി നല്‍കിയിട്ടുണ്ട്.
ചുംബനരംഗങ്ങളില്‍ അഭിനയിക്കാന്‍ സമ്മര്‍ദ്ദം ഉണ്ടായാതായും നഗ്നത പ്രദര്‍ശിപ്പിക്കാന്‍ നിര്ബന്ധിക്കുന്നതായുമാണ് ചിലരുടെ മൊഴി.ചൂഷണം ചെയ്യുന്നവരില്‍ പ്രധാനനടന്മാരുമുണ്ട്. വഴങ്ങാത്തവരെ പ്രശ്നക്കാരായി മുദ്രകുത്തും. പ്രൊഡക്ഷന്‍ കണ്ട്രോളര് വരെ ചൂഷകരാകുന്നു. സ്റ്റാര്‍ ഹോട്ടലില്‍ താമസിച്ചാലും സാധാരണ ഹോട്ടലില്‍ താമസിച്ചാലും പുരുഷന്മാര് കടന്നുവരുമോ എന്ന ഭയത്തോടെയാണ് സ്ത്രീകള്‍ താമസിക്കുന്നത്. അവസരം തേടുമ്പോള്‍ തന്നെ ശരീരം ചോദിക്കുന്ന പ്രവണത മലയാള സിനിമയില്‍ ഉണ്ട് എന്ന വിവരങ്ങളും റിപ്പോര്‍ട്ടില്‍ പറയുന്നു.