നഗരൂർ സംഘർഷം; നാലുപേർ ആശുപത്രിയിൽ; ഒരാളുടെ നില അതീവ ഗുരുതരം…
കിളിമാനൂർ: നഗരൂരിൽ തിങ്കളാഴ്ച രാത്രിയുണ്ടായ ഡി.വൈ.എഫ്.ഐ-യൂത്ത് കോൺഗ്രസ് സംഘർഷത്തിൽ പരിക്കേറ്റ ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു.ആലംകോട് നിന്നെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരും, നഗരൂർ ആലിൻ്റെമൂട് ജങ്ഷനിലുണ്ടായിരുന്ന സ്ഥലത്തെ ഡി.വൈ.എഫ്.ഐ പ്രവർത്തകരും തമ്മിലാണ് സംഘർഷമുണ്ടായത്. ഡി.വൈ.എഫ്.ഐ മേഖലാ കമ്മിറ്റിയംഗം അഫ്സൽ (29) ആണ് മെഡിക്കൽ കോളേജാശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്നത്. മറ്റൊരു പ്രവർത്തകൻ അൽ അമീനും (24) മെഡിക്കൽ കോളേജാശുപത്രിയിലുണ്ട്. രണ്ട് പേർ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.
രാത്രി രണ്ട് തവണയായി നടന്ന സംഘർഷത്തിൽ എട്ട് ഡി.വൈ.എഫ്.ഐ പ്രവർത്തകർക്കാണ് സാരമായി പരിക്കേറ്റത്.നാലുപേർ ആശുപത്രി വിട്ടു. നിസ്സാരവാക്കുതർക്കത്തെ തുടർന്നുണ്ടായ വെല്ലുവിളിയാണ് കഴിഞ്ഞ ദിവസത്തെ അക്രമ സംഭവങ്ങൾക്ക് തുടക്കമായതെന്നാണ് പോലീസ് പറയുന്നത്.തീവ്രപരിചരണ വിഭാഗത്തിൽ കഴിയുന്ന അഫ്സലിൻ്റെ തലയ്ക്കും, വാരിയെല്ലിനും, കരളിനും ഗുരുതര പരിക്കുണ്ട്. അടിയന്തിര ശസ്ത്രക്രിയ നടത്തി. അൽ അമീന് തലയ്ക്ക് പരിക്കുണ്ട്.സ്വകാര്യ ആശുപത്രിയിൽ കഴിയുന്ന അൽത്താഫ്(25), മുഹമ്മദ് (26) എന്നിവരുടെ നെറ്റിയ്ക്ക് സാരമായ പരിക്കുണ്ട്. സ്ഥലത്ത് പോലീസ് ക്യാംപ് ചെയ്യുന്നുണ്ട്.