നഗരസഭയിൽ ഭരണകക്ഷി അംഗങ്ങളും പൊലീസും തമ്മിൽ തർക്കം
മാവേലിക്കര- നഗരസഭയിൽ ഭരണകക്ഷി അംഗങ്ങളും പൊലീസും തമ്മിൽ തർക്കം നടക്കുന്നു. പൊലീസ് സെക്രട്ടറിയുടെ മുറിയിലേക്ക് അതിക്രമിച്ചു കടക്കുകയും ഇവിടെയിരുന്ന ഭരണകക്ഷി അംഗങ്ങളെ അധിക്ഷേപിക്കുകയും ചെയ്തെന്നാണ് പരാതി. ഭരണകക്ഷി അംഗങ്ങൾ സെക്രട്ടറിയെ തടഞ്ഞു വച്ചിരിക്കുന്നു എന്ന് പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് എത്തിയത് എന്നാണ് പറയുന്നത്. എന്നാൽ ഇത്തരത്തിൽ ഒരു പരാതി വിളിച്ചു അറിയിച്ചിട്ടില്ലെന്നാണ് സെക്രട്ടറിയും നഗരസഭ ചെയർമാനും പറയുന്നത്. വൈസ് ചെയർപേഴ്സനും സ്റ്റാൻഡിങ് കമ്മറ്റി അധ്യക്ഷരും അടക്കമുള്ളവരാണ് സെക്രട്ടറിയുടെ മുറിയിൽ ഉണ്ടായിരുന്നത്.
ഇവരുമായി വാക്കു തർക്കം ഉണ്ടായതോടെ കോൺഗ്രസ് അംഗങ്ങളായ കൗൺസിലർമാർ സെക്രട്ടറിയുടെ കവാടത്തിന് മുമ്പിൽ കുത്തിയിരുന്നു. ഉന്നത പൊലീസ് ഉദ്യോഗസ്ഥർ എത്തണമെന്നും വ്യാജ പരാതിക്കാരെ കണ്ടെത്തണമെന്നുമായിരുന്നു ഇവരുടെ ആവശ്യം. കോൺഗ്രസ് കൗൺസിലർമാർ കവാടത്തിൽ കുത്തിയിരിക്കുമ്പോൾ പൊലീസുകാർ പുറത്തേക്ക് നടന്നു ഇറങ്ങിയതാണ് കൂടുതൽ പ്രകോപനത്തിന് കാരണമായത്.
ഇന്നലെ രാവിലെ നടന്ന കൗൺസിൽ യോഗം, മാവേലിക്കര ബോയ്സ് ഹൈസ്കൂളിന്റെ പൊളിച്ച മതിൽ പുനർ നിർമ്മിക്കുവാനുള്ള അനുമതി നൽകിയിരുന്നു. എന്നാൽ അനധികൃതമായി മതിൽ പൊളിച്ച് സാധനങ്ങൾ കടത്തിക്കൊണ്ടുപോയതിനെതിരെ കേസ് കൊടുക്കണമെന്ന കൗൺസിലിന്റെ തീരുമാനം സെക്രട്ടറി നടപ്പിലാക്കിയില്ലെന്ന് യോഗത്തിൽ ആരോപണം ഉയർന്നിരുന്നു. കൗൺസിൽ യോഗത്തിന് ശേഷം ഇത് ചോദിക്കാനായി സെക്രട്ടറിയുടെ ക്യാബിനിൽ എത്തിയപ്പോളാണ് പൊലീസ് ഇടപെടിൽ ഉണ്ടായത്.