ദൈവം ആരെയും രക്ഷിക്കാത്തതെന്താ?..ഉള്ളുലക്കും ഈ രണ്ടാം ക്ലാസുകാരിയുടെ ഡയറിക്കുറിപ്പ്…
വയനാട് മുണ്ടക്കൈയിലെ ദുരന്തഭൂമിയില്‍നിന്നും ഓരോനിമിഷവും പുറത്ത് വരുന്നത് സങ്കട വാര്‍ത്തകളാണ്.ദുരന്തം തുടച്ചുനീക്കിയ ചൂരല്‍മലയും മുണ്ടക്കൈയും കേരളത്തിന്റെ നൊമ്പരമായി.മനുഷ്യ മനസ്സാക്ഷി പോലും മരവിച്ചുപോയ ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ കണ്ണൂര്‍ ജില്ലയിലെ ഒരു രണ്ടാം ക്ലാസ് വിദ്യാര്‍ഥിനി എഴുതിയ ഡയറിക്കുറിപ്പ് ശ്രദ്ധേയമായിരിക്കുകയാണ്. മുയ്യം എയുപി സ്കൂളിലെ അദിതി ആണ് ഉള്ളു നീറ്റുന്ന ഡയറിക്കുറിപ്പ് എഴുതിയിട്ടുള്ളത്. അദിതി എഴുതിയ ഡയറിക്കുറിപ്പിന്റെ ചിത്രം മുയ്യം സ്കൂളിന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്.
‘ഇന്ന് സ്കൂള്‍ ലീവായിരുന്നു. ഉച്ചയ്ക്ക് അമ്മ ടിവി വെച്ചപ്പോളാണ് ഞാന്‍ വാര്‍ത്ത കണ്ടത്. വയനാട്ടിലെ മേപ്പാടി എന്ന സ്ഥലത്ത് ഉരുള്‍പൊട്ടല്‍ ഉണ്ടായി. ആ നാട് മുഴുവന്‍ വെള്ളത്തിനടിയിലായി. ഒരുപാട് ആളുകള്‍ മരിച്ചു. കുറേപേരെ കാണാതായി. കുറേ വീടുകള്‍ പൊട്ടിപ്പോയി. ടിവിയില്‍ ആളുകള്‍ കരയുന്നു. ദൈവം എന്താ ആരെയും രക്ഷിക്കാത്തെ? എന്നാണ് അദിതി കുറിച്ചത് .
രണ്ടാം ക്ലാസിലെ അദിതിയുടെ ഡയറിയില്‍ നിന്നും, കരുതലിന്റെ തലമുറ ഇനിയും കേരളത്തില്‍ ഉണ്ട്, എന്നും എക്കാലവും. ഇഷ്ടം, സ്നേഹം. എന്ന ക്യാപ്ഷനോടെയാണ് ഇന്‍സ്റ്റഗ്രാമില്‍ ഡയറിക്കുറിപ്പ് പോസ്റ്റ് ചെയ്തിരിക്കുന്നത്. ഡയറിക്കുറിപ്പിനുതാഴെ ദുരന്തത്തിന്റെ നേര്‍ക്കാഴ്ചയെന്നോണം ഒരു കൊച്ചുചിത്രവും അദിതി വരച്ചുവെച്ചിട്ടുണ്ട്.