ദേവസ്വം ബോർഡ്, ബിവറേജസ് കോർപ്പറേഷൻ.. എവിടെ വേണമെങ്കിലും ജോലി റെഡി…. വൻ തട്ടിപ്പ് സംഘം പിടിയിൽ…. താവളത്തിൽ നടത്തിയ പരിശോധനയിൽ കണ്ടെത്തിയത് അതിലും ഞെട്ടിക്കുന്ന സാധനങ്ങൾ…..
മാവേലിക്കര: ദേവസ്വം ബോർഡ്, ബിവറേജസ് കോർപ്പറേഷൻ എന്നിവിടങ്ങളിൽ ക്ലർക്ക്, അറ്റൻഡർ, പ്യൂൺ തസ്തികകളിൽ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങൾ തട്ടിയെടുത്ത കേസിൽ 2 പ്രതികളെ മാവേലിക്കര പോലീസ് അറസ്റ്റ് ചെയ്തു. വൈക്കം ക്ഷേത്ര കലാപീഠം എന്ന സ്ഥാപനത്തിൽ ക്ലർക്ക് തസ്തികയിൽ ജോലി വാഗ്ദാനം ചെയ്ത് എരുവ സ്വദേശിയിൽ നിന്നും 3.25 ലക്ഷം രൂപ കൈപ്പറ്റിയ സംഘം കേരളാ ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വ്യാജ ലെറ്റർ പാഡിൽ വ്യാജ സീൽ പതിച്ച് നിയമന ഉത്തരവുകൾ അയച്ചു നൽകി. നിയമന ഉത്തരവുമായി വൈക്കം ക്ഷേത്ര കലാപീഠത്തിൽ എത്തിയ എരുവ സ്വദേശിയിൽ നിന്നും രേഖകൾ വാങ്ങി പരിശോധിച്ച ദേവസ്വം അധികൃതർ അവ വ്യാജമാണെന്ന് തിരിച്ചറിഞ്ഞ് അന്വേഷണം നടത്തി ആലപ്പുഴ ജില്ലാ പോലീസ് മേധാവി ജി.ജയ് ദേവിന് വിവരം നൽകി. ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം മാവേലിക്കര പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി. ചെങ്ങന്നൂർ ഡി.വൈ.എസ്.പി ഡോ.ആർ. ജോസിന്റെ മേൽനോട്ടത്തിൽ നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ വ്യാപ്തി വെളിപ്പെട്ടത്.
പ്രതികൾ മാവേലിക്കര, ചെട്ടികുളങ്ങര, പെരിങ്ങാല, മാന്നാർ, വള്ളികുന്നം എന്നിവിടങ്ങളിലായി നിരവധി പേരെ ദേവസ്വം ബോർഡിന്റെ വിവിധ സ്ഥാപനങ്ങളിലും ബിവറേജസ് കോർപ്പറേഷനിലും ജോലി നൽകാമെന്ന് പറഞ്ഞ് 1 ലക്ഷം മുതൽ 7 ലക്ഷം രൂപ വരെ ഓരോരുത്തരിൽ നിന്നും തട്ടിയെടുക്കുകയും വ്യാജ നിയമന ഉത്തരവുകൾ നൽകുകയും ചെയ്തിട്ടുള്ളതായി ബോധ്യപ്പെട്ടിരുന്നു. പ്രതികൾ പണം കൈപ്പറ്റി നൽകിയ മുദ്ര പത്രങ്ങളും ചെക്കുകളും വ്യാജ നിയമന ഉത്തരവുകളും കണ്ടെടുത്തിരുന്നു. ഈ തട്ടിപ്പു സംഘത്തിലെ പ്രധാന പ്രതി കടവൂർ കല്ലിട്ട കടവിൽ വിനീഷ് രാജൻ.വി ആലപ്പുഴ ജില്ലാ ക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ നൽകിയിരുന്നു. സംഘത്തിലെ മറ്റു പ്രതികളിൽ കടവൂർ പത്മാലയം വീട്ടിൽ പി.രാജേഷ് (34), കണ്ണമംഗലം പേള പള്ളിയമ്പിൽ വീട്ടിൽ അരുൺ.വി (24) എന്നിവരെ മാവേലിക്കര പോലീസ് ഇൻസ്പെക്ടർ സി.ശ്രീജിത്ത്, എസ്.ഐ അലി അക്ബർ എന്നിവരുടെ നേതൃത്വത്തിൽ 23ന് രാത്രി അറസ്റ്റ് ചെയ്തു. തുടർന്ന് 24ന് നടത്തിയ പരിശോധനയിൽ മുഖ്യപ്രതി വിനീഷ് രാജന്റെ കടവൂർ കുളത്തിനടുത്തുള്ള താവളത്തിൽ നിന്നും ഇയാൾ കേരളാ ലൈവ് സ്റ്റോക്ക് ഡവലപ്പ്മെന്റ് ബോർഡിന്റെ ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർ ഗ്രേഡ് ഓന്ന് ആണെന്ന നിലയിൽ ഉള്ള വ്യാജ തിരിച്ചറിയൽ കാർഡും വിവിധ വ്യാജ രേഖകളും 9.75 ലിറ്റർ വരുന്ന 13 കുപ്പി വിദേശ മദ്യവും പിടിച്ചെടുത്തു.
വ്യാജ തിരിച്ചറിയൽ കാർഡ് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അറസ്റ്റ് ചെയ്ത പ്രതികളായ പി.രാജേഷ്, അരുൺ.വി എന്നിവരെ കോടിതിയിൽ ഹാജരാക്കി റിമാന്റ് ചെയ്തു. ഇവരെ കസ്റ്റഡിയിൽ വാങ്ങി തുടർ അന്വേഷണത്തിനുള്ള നടപടികൾ സ്വീകരിക്കും. എസ്.ഐ ആനന്ദകുമാർ.ആർ, എസ്.സി.പി.ഓമാരായ സിനു വർഗ്ഗീസ്, രാജേഷ് കുമാർ.ആർ, റിയാസ്.പി.കെ, സുഭാഷ് എൻ.എസ്, സി.പി.ഓ ജവഹർ.എസ്, മുഹമ്മദ് ഷഫീഖ്, അരുൺ ഭാസ്കർ എന്നിവർ അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.