ദേവസ്വം ബോർഡ് തൊഴിൽ തട്ടിപ്പ് : സഹായിച്ച മാവേലിക്കര സ്റ്റേഷനിലെ 3 എസ്.ഐമാർക്ക് സസ്പെൻഷൻ….

മാവേലിക്കര: ദേവസ്വം ബോർഡിന്‍റെ പേരില്‍ തൊഴിൽ തട്ടിപ്പ് സംഘത്തെ സഹായിച്ച മൂന്ന് ഗ്രേഡ് എസ്.ഐമാരെ സസ്പെൻഡ് ചെയ്തു. മാവേലിക്കര സ്റ്റേഷനിലെ എസ്.ഐമാരാണ് മൂന്നുപേരും. തട്ടിപ്പ് കേസിലെ ഒന്നാം പ്രതി വിനീഷിന് പൊലീസ് ഉദ്യോഗസ്ഥര്‍ കേസിലെ വിവരങ്ങൾ ചോർത്തി നൽകിയെന്നാണ് കണ്ടത്തൽ. മാവേലിക്കര സ്റ്റേഷനിലെ എസ്.ഐമാരായ വർഗീസ്, ഗോപാലകൃഷ്ണൻ, ഹക്കീം എന്നിവരെയാണ് സസ്പെൻഡ് ചെയ്തത്.

ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വ്യാജ നിയമ ഉത്തരവ് നൽകി സംസ്ഥാനത്ത് കോടികളുടെ തട്ടിപ്പ് നടത്തിയെന്നാണ് കണ്ടെത്തല്‍. തൊഴിൽ തട്ടിപ്പിലെ മുഖ്യപ്രതി വിനീഷിനെ സഹായിക്കാൻ പൊലീസുകാരും കൂട്ടുനിന്നെന്നാണ് സ്പെഷ്യ‌ൽ ബ്രാഞ്ച് കണ്ടത്തിയത്. മാസങ്ങൾക്ക് മുമ്പ് പരാതി നൽകിയിട്ടും പ്രതികളെ പിടികൂടുന്നതിൽ പൊലീസിന്റെ ഭാഗത്തുണ്ടായത് ഗുരുതരവീഴ്ചയാണെന്നും ദേവസ്വം റിക്രൂട്ട്മെൻ്റ് ചെയർമാൻ അഡ്വ. രാജഗോപാൽ പറഞ്ഞിരുന്നു. വിവാദമായതിന് പിന്നാലെ അന്വേഷണത്തിന് എറണാകുളം റെയ്ഞ്ച് ഡിഐജിയെ ഡി.ജി.പി ചുമതലപ്പെടുത്തുകയായിരുന്നു.

വൻ തട്ടിപ്പാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോർഡിന്റെ വ്യാജ രേഖകള്‍ ഉപയോഗിച്ച് നടന്നത്. വൈക്കം ക്ഷേത്രകലാപീഠത്തിൽ ക്ല‍ർക്ക് തസ്തികയിലേക്കുള്ള ദേവസ്വം റിക്രൂട്ട്മെൻറിന്റെ നിയമന ഉത്തരവുമായി യുവതി ബോർഡിനെ സമീപിച്ചപ്പോഴാണ് തട്ടിപ്പ് പുറത്തുവരുന്നത്. വ്യാജ നിയമന ഉത്തരവ് ശ്രദ്ധയിൽപ്പെട്ട ബോർഡ് ചെയർമാൻ രാജഗോപാലൻ നായർ മാ‍ർച്ച് 23 ന് ഡിജിപിക്ക് പരാതി നൽകി. പക്ഷെ മൂന്ന് മാസത്തിന് ശേഷം മാത്രമാണ് സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിക്കുന്നത്. മാത്രമല്ല തട്ടിപ്പിന്‍റെ മുഖ്യ സൂത്രധാരനായ മാവേലിക്കര സ്വദേശി വിനീഷിനെതിരെ കേസെടുത്തപ്പോൾ മാവേലിക്കര സ്റ്റേഷനിലെ ഗ്രേഡ് എസ്ഐ വിവരം ചോർത്തി നൽകുകയും ചെയ്തു.

വിനീഷിനെതിരെ ഇതേവരെ മാവേലിക്കര സ്റ്റേഷനിൽ രജിസ്റ്റർ ചെയ്തതത് 34 കേസുകളാണ്. ആദ്യ കേസിന് ശേഷം വീണ്ടും പരാതികളെത്തിയെങ്കിലും കേസെടുത്തില്ല. വ്യാജ നിയമന ഉത്തരവുമായി കൂടുതൽ പേര്‍ എത്തിയപ്പോള്‍ മാത്രമാണ് പൊലീസ് അനങ്ങിയത്. കേസെടുത്ത വിവരം പൊലീസ് തന്നെ ചോര്‍ത്തി നൽകിതോടെ വിനീഷ് മുങ്ങി. പിന്നീട് കോടതിയിൽ കീഴടങ്ങി. രണ്ടരക്കോടിയുടെ തട്ടിപ്പാണ് മാവേലിക്കരയിൽ മാത്രം നടന്നത്.

Related Articles

Back to top button