ദേവസ്വം ബോർഡിന്റെ വിവേചനം അവസാനിപ്പിക്കണം – ഗണക മഹാസഭ
മാവേലിക്കര- പിന്നാക്ക സമുദായങ്ങളോടുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ വിവേചനം അവസാനിപ്പിക്കണമെന്ന് ഗണക മഹാസഭ ജനറൽ സെക്രട്ടറി ജി.നിശീകാന്ത് പറഞ്ഞു. ഭരണഘടനയും രാജ്യത്തെ നിയമവും അനുശാസിക്കുന്ന സംവരണം നൽകുവാൻ ദേവസ്വം ബോർഡടക്കമുള്ള സ്ഥാപനങ്ങൾ പ്രതിജ്ഞാബദ്ധമാണെന്നും സർക്കാർ, ഒ.ബി.എച്ച് വിഭാഗങ്ങളുടെ ക്രീമിലെയർ പരിധി എടുത്തുകളയണമെന്നും കെ.ജി.എം.എസ് മാവേലിക്കര താലൂക്ക് യൂണിയൻ സമ്മേളനം കണ്ടിയൂർ ജഗന്നാഥൻ നഗറിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
താലൂക്ക് യൂണിയൻ പ്രസിഡന്റ് ഇ.ആർ ദേവരാജൻ അധ്യക്ഷനായി. സമ്മേളനത്തിൽ യൂണിയൻ സെക്രട്ടറി കെ.കെ വിജയകുമാർ സ്വാഗതം പറഞ്ഞു. ജില്ലാ വൈസ് പ്രസിഡന്റ് ബി.ഷാജ് ലാൽ മുഖ്യ പ്രഭാഷണം നടത്തി. ബോർഡ് അംഗം കെ.എസ്.ശ്രീകുമാർ സംഘടനാ സന്ദേശം നൽകി. ജില്ലാ സെക്രട്ടറി റ്റി.സി.കാർത്തികേയൻ, വനിതാവേദി പ്രസിഡന്റ് സിന്ധു പ്രസാദ്, കെ.വിജയകുമാർ, രജനി പുരുഷോത്തമൻ, കെ.ശ്രീകുമാർ, പ്രേംജിത് പ്രഭാകരൻ, കെ.കെ.ശിവപ്രസാദ് എന്നിവർ സംസാരിച്ചു. എസ്.എസ്.എൽ.സി, പ്ലസ് റ്റു പരീക്ഷകളിൽ മികച്ച വിജയം നേടിയവരെ അനുമോദിച്ചു.
സമ്മേളനത്തിന് മുന്നോടിയായി താലൂക്ക് പ്രസിഡന്റായിരിക്കെ അന്തരിച്ച കരിപ്പുഴ ജഗന്നാഥന്റെ സ്‌മൃതികുടീരത്തിൽ മഹാസഭാ ജനറൽ സെക്രട്ടറി ജി.നിശീകാന്ത് പുഷ്പാർച്ചന നടത്തി. ആലപ്പുഴ ജില്ലാ സെക്രട്ടറി റ്റി.സി കാർത്തികേയൻ, യൂണിയൻ സെക്രട്ടറി കെ.കെ വിജയകുമാർ, ശാഖാ സെക്രട്ടറി ശിവപ്രസാദ്, കുടുംബാംഗങ്ങൾ എന്നിവർ പങ്കെടുത്തു. മാവേലിക്കര യൂണിയന്റെ പുതിയ ഭാരവാഹികളായി ദേവരാജൻ ഇ.ആർ (പ്രസി), ഗോപിനാഥൻ സി (വൈ.പ്രസി), കെ.കെ.വിജയകുമാർ (സെക്ര), കെ.ജി.ദേവദാസ് (ജോ.സെക്ര), കെ.ശ്രീകുമാർ കൊയപ്പള്ളികാരാഴ്മ (ട്രഷറർ) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.