ദുരന്തബാധിതർക്ക് സഹായവുമായി ദമ്പതികള്‍.. ഭൂമി നൽകും.. സാക്ഷ്യപത്രം കൈമാറി…
തൃശ്ശൂർ: വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീട് നഷ്ടപ്പെട്ടവര്‍ക്ക് ഭൂമി നൽകാൻ സന്നദ്ധരായി ദമ്പതികള്‍. റിട്ടയേര്‍ഡ് സ്കൂള്‍ അധ്യാപികയായ ഷാജിമോളും ഭര്‍ത്താവ് ആന്റണിയുമാണ് വീടു വെക്കാനായി 10 സെന്റ് സ്ഥലം നല്കാന് തയ്യാറായി മുന്നോട്ട് വന്നിരിക്കുന്നത്. സ്ഥലം നല്‍കാനുള്ള സാക്ഷ്യപത്രം റവന്യു വകുപ്പ് മന്ത്രി കെ. രാജന് കൈമാറി. തൃശ്ശൂർ മാടക്കത്തറ വില്ലേജില്‍ വാരിക്കുളം എന്ന സ്ഥലത്ത് അധ്യാപികയായ ഷാജിമോളുടെ പേരിലുള്ള 10 സെന്റ് കരഭൂമിയാണ് വയനാട്ടിലെ ഉരുള്‍പൊട്ടലില്‍ വീടും സ്ഥലവും നഷ്ടപ്പെട്ട കുടുംബങ്ങള്‍ക്ക് വീടുവെക്കാനായി നല്‍കുന്നത്.
വേലൂര്‍ ചിറ്റിലപ്പിള്ളി സ്വദേശികളാണ് കൃഷിക്കാരനായ ആന്റണിയും ഷാജിമോളും. എംബിബിഎസിന് പഠിക്കുന്ന ഡേവിഡ്, എം.എസ്.സി അഗ്രിക്കള്‍ച്ചറിനു പഠിക്കുന്ന ജോണ്‍ എന്നിവര്‍ മക്കളാണ്. ഉറ്റവരെയും കിടപ്പാടവും നഷ്ടപ്പെട്ടവർക്ക് ജീവിതം പൂർവ സ്ഥിതിയിലാക്കാൻ ഈ ഭൂമി ഉപകാരപ്പെടട്ടേയെന്ന് ആന്റണിയും ഷാജിമോളും പറയുന്നു.
കേരളത്തെ നടുക്കിയ വയനാട് ഉരുൾ പൊട്ടൽ ദുരന്തത്തിൽ രക്ഷാപ്രവർത്തനം അഞ്ചാം ദിവസവും തുടരുകയാണ്. ഉരുള്‍പൊട്ടലില്‍ ഇതുവരെ മരണം 360 ആയി. 30 കുട്ടികളും ദുരന്തത്തില്‍ മരിച്ചെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. 146 മൃതദേഹങ്ങൾ ബന്ധുക്കള്‍ തിരിച്ചറിഞ്ഞു. തിരിച്ചറിയാന്‍ കഴിയാത്ത 74 മൃതദേഹങ്ങൾ അവശേഷിക്കുന്നുണ്ട്. ഇനിയും 200 ൽ അധികം പേരെ കണ്ടെത്താനുണ്ട്. സൈന്യത്തിന്റെ നേതൃത്വത്തിൽ ഉരുൾപ്പൊട്ടൽ പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.