ദുബൈയിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ വീട്ടമ്മ അറസ്റ്റിൽ
അമ്പലപ്പുഴ: ദുബൈയിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരുടെ കയ്യിൽ നിന്നും പണം തട്ടിയെടുത്ത കേസിൽ പുന്നപ്ര സ്വദേശിനിയായ വീട്ടമ്മ അറസ്റ്റിലായി. 45 ഓളം പേരിൽ നിന്നും 65000 രൂപ വീതം വാങ്ങിയുട്ടെന്നാണ് പരാതി. ദുബൈയിലെ ബ്രിട്ടീഷ് കമ്പനിയായ ചോക്കോ വൈറ്റ് കമ്പിനിയിൽ ജോലി വാഗ്ദാനം നൽകിയാണ് ഇവർ പണം വാങ്ങിയത്. 8 ഓളം പേരെ ഇവർ വിസിറ്റിംഗ് വിസയിൽ കയറ്റി വിടുകയും താമസസ്ഥലം പോലും ഇല്ലാതെ അവർ അവിടെ കഷ്ടപ്പെടുന്നതായും പോയ ആളുകളുടെ ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്.പുന്നപ്ര തെക്ക് പഞ്ചായത്ത് ശരവണ ഭവനത്തിൽ ആർ. രാജി (38)യെ ആണ് പുന്നപ്ര പൊലീസ് അറസ്റ്റു ചെയ്തത്.ഇവരുടെ സഹോദരൻ വിഷ്ണു ദുബൈയിൽ ഉണ്ടെന്നും അയ്യാൾ മുഖാന്തിരമാണ് ജോലിയും വിസയും തരപ്പെടുത്തുന്ന തന്നുമാണ് രാജി പണം നൽകിയവരോട് പറഞ്ഞിരുന്നത്. എന്നാൽ ദുബൈയിൽ ചെന്നവർ അവിടെ അന്വേഷിച്ചപ്പോൾ ഇങ്ങനെ ഒരു കമ്പനി 2018 വരെ പ്രവർത്തിച്ചിരുന്നതായും പിന്നീട് പ്രവർത്തനം നിർത്തിയെന്നുമാണ് അവർക്കു ലഭിച്ച വിവരം.4 ഓളം പേർ മലയാളി സമാജത്തിൻ്റെ സഹായത്താൽ തിരിച്ചെത്തി. 8 ഓളം പേർ അവിടെ കുടുങ്ങിക്കിടപ്പുണ്ടെന്നുമാണ് വിവരം. പല സ്ഥലങ്ങളിലെ ലോഡ്ജുകളിൽ ഏജൻ്റുമാർ മുഖേന ബുക്കു ചെയ്താണ് ഇവരെ താമസിപ്പിക്കുന്നത്. താമസവും ഭക്ഷണവും ലഭിക്കുമെന്ന് പറഞ്ഞ് അവിടെ എത്തിയവർക്ക് ഏതാനും ദിവസം മാത്രമാണ് ഇവ ലഭിക്കുന്നത്.പിന്നീട് മുറിയിൽ നിന്നും പുറത്താക്കും. രാജിയുടെ ഭർത്താവും വിദേശത്താണ്.പുന്നപ്ര ,വളഞ്ഞ വഴി, കാക്കാഴം, അമ്പലപ്പുഴ, പല്ലന, തൃക്കുന്നപ്പുഴ, ആറാട്ടുപുഴ, കള്ളിക്കാട്, വലിയഴീക്കൽ, കള്ളിക്കാട്, മാന്നാർ തുടങ്ങിയ പ്രദേശങ്ങളിൽ ഉള്ളവരാണ് പണം നഷ്ടപ്പെട്ടവർ.രാജിക്കു പിന്നിൽ വമ്പൻ ശ്രാവുകൾ ഉണ്ടാകാമെന്ന നിഗമനത്തിലാണ് പൊലീസ്.ഇവരെ പിടികൂടിയതറിഞ്ഞ് പണം നഷ്ടപ്പെട്ടവരും, ഇവരുടെ ബന്ധുക്കളും പൊലീസ് സ്റ്റേഷനു മുന്നിൽ തടിച്ചുകൂടിയിരുന്നു.രാജിയുടെ ബാഗിൽ നിന്നു പതിനൊന്നര ലക്ഷത്തോളം രൂപ പൊലീസ് കണ്ടെടുത്തു. അടുത്ത ദിവസങ്ങളിൽ പലരിൽ നിന്നും വാങ്ങിയ തുകയാണിതെന്നാണ് രാജി പൊലീസിനോട് പറഞ്ഞത്. കൂടുതൽ അന്വേഷണം നടത്തിയാലെ വിവരങ്ങൾ പൂർണമായും ലഭിക്കൂ എന്നാണ് പൊലീസ് പറയുന്നത്.