ദിവസവും വേണ്ടത് 2 ലക്ഷം രൂപ..സഹായം തേടി നടി അരുന്ധതിയുടെ കുടുംബം
വാഹനാപകടത്തെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന നടി അരുന്ധതിക്കുവേണ്ടി ചികിത്സാ സഹായം അഭ്യര്‍ഥിച്ച് കുടുംബം രംഗത്ത് . നിലവിൽ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ വെന്റിലേറ്ററിന്റെ സഹായത്തോടെയാണ് അരുന്ധതിയുടെ ജീവിൻ നിലനിർത്തുന്നത്. ദിവസവും രണ്ട് ലക്ഷത്തോളം രൂപയാണ് ചികിത്സയ്ക്ക് വേണ്ടി ചിലവാക്കുന്നത് . ഇതിനോടകം തന്നെ അരുന്ധതിക്കായി 40 ലക്ഷം രൂപയോളം കുടുംബം ചിലവാക്കി കഴിഞ്ഞു. മുന്നോട്ടുള്ള ചെലവ് പ്രതിസന്ധിയിൽ ആയതോടെയാണ് സഹായം അഭ്യർത്ഥിച്ച് കുടുംബം രംഗത്ത് എത്തിയത് .
മാർച്ച് 14നാണ് അരുന്ധതി നായർക്ക് അപകടം പറ്റിയത്. ബൈക്കിൽ പോകവെ കോവളം ഭാഗത്ത് വച്ച് അപകടം സംഭവിക്കുക ആയിരുന്നു. യുട്യൂബ് ചാനലിനായി ഷൂട്ടിങ്ങിന് പോയി തിരിച്ച് സഹോദരനൊപ്പം വരവെ ആയിരുന്നു അപകടം. ഇടിച്ചിട്ട വാഹനം നിർത്താതെ പോയി. പരിക്കേറ്റ ഇരുവരും ഒരുമണിക്കൂറോളം റോഡിൽ കിടന്നു. ഇതിനിടെ എത്തിയ യാത്രക്കാരൻ അവരെ ആശപത്രിയിൽ എത്തിക്കുക ആയിരുന്നു.
അരുന്ധതിയുടെ തലയ്ക്കും നട്ടെല്ലിനും സാരമായി പരിക്കേറ്റിട്ടുണ്ട്. തലച്ചോറിൽ രക്തം കട്ട പിടിച്ചിട്ടുണ്ട്. ആരോഗ്യനിലയിൽ മാറ്റമില്ലാതെ ആയതോടെ നടിയെ വെന്റിലേറ്ററിലേക്ക് മാറ്റുക ആയിരുന്നു.