ദയാവധം തിരഞ്ഞെടുത്ത് 28 -കാരി….വേദനയില്ലാക്കൊലയ്‌ക്കെതിരെ വീണ്ടും രൂക്ഷവിമർശനം…..

നെതർലാൻഡ്സിൽ 28 -കാരിയായ യുവതി ദയാവധത്തിലൂടെ മരിക്കാൻ തീരുമാനിച്ച വാർത്തയാണ് ഇപ്പോൾ ലോകത്താകെ ചർച്ചയാകുന്നത്. സൊറായ ടെർ ബീക്ക് എന്ന യുവതിയാണ് ദയാവധം തിരഞ്ഞെടുക്കാൻ പോകുന്നത്. ശാരീരികമായി യാതൊരു പ്രശ്നങ്ങളും ഇവർക്കില്ല. എന്നാൽ, കഴിഞ്ഞ കുറേ വർഷങ്ങളായി കടുത്ത മാനസിക അസ്വസ്ഥതകൾ യുവതിക്കുണ്ടായിരുന്നു. വിഷാദം, ഓട്ടിസം, ബോർഡർ‍ലൈൻ പേഴ്സണാലിറ്റി തുടങ്ങിയ പ്രശ്നങ്ങളോടൊക്കെ വളരെ വർഷങ്ങളായി പോരാടുകയായിരുന്നു യുവതി. കാമുകനും പെറ്റുകൾക്കും ഒപ്പം കഴിഞ്ഞു, പറ്റാവുന്ന ചികിത്സയൊക്കെ ചെയ്തു, എന്നിട്ടും വിഷാദം മാറിയില്ല എന്നും മാനസികമായ അസ്വസ്ഥതകൾ യുവതിയെ പിന്തുടരുകയായിരുന്നു എന്നും റിപ്പോർട്ടുകൾ പറയുന്നു. ഇനി പ്രത്യേകം ചികിത്സകളൊന്നും ഇല്ല എന്ന് ഡോക്ടർ കൂടി പറഞ്ഞതോടെയാണ് യുവതി മരിക്കാൻ തീരുമാനമെടുത്തത്. മെയ് മാസത്തിൽ യുവതിയുടെ വീട്ടിൽ വച്ച് തന്നെയാവും ദയാവധം നടക്കുക എന്നും ആ സമയത്ത് കാമുകൻ കൂടെയുണ്ടാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. 2001-ലാണ് നെതർലാൻഡ്‌സ് ദയാവധം നിയമവിധേയമാക്കുന്നത്. ഇതിന് പിന്നാലെ ദയാവധത്തിലൂടെ മരണം തെരഞ്ഞെടുക്കുന്നവരുടെ എണ്ണം ക്രമാനുഗതമായി വർദ്ധിച്ചുവരുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതോടെ ദയാവധം നിയമവിധേയമാക്കിയ തീരുമാനത്തിനെതിരെ കനത്ത വിമർശനങ്ങളും രാജ്യത്ത് ഉയരുന്നുണ്ട്. ആത്മഹത്യയെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളതാണ് ഈ തീരുമാനം എന്ന് വിമർശകർ പറയുന്നു. ദയാവധത്തെ പ്രോത്സാഹിപ്പിക്കുന്ന അനേകം വിദഗ്ദ്ധരും നെതർലാൻഡ്സിലുണ്ട്. ചികിത്സിക്കാൻ പറ്റാത്ത രോഗമുള്ളവരുടെയടക്കം കാര്യത്തിൽ ഇത് നല്ലതാണ് എന്നാണ് അവരുടെ അഭിപ്രായം. എന്നാൽ, ലോകത്താകമാനം നിരവധിപ്പേരാണ് നെതർലാൻഡ്സിൽ നടപ്പിലാക്കുന്ന ദയാവധങ്ങളെ എതിർക്കുകയും വിമർശിക്കുകയും ചെയ്യുന്നത്. മാനസികപ്രയാസങ്ങളുള്ളവരടക്കം പോരാടാൻ തയ്യാറാവാതെ എളുപ്പത്തിൽ മരണം തെരഞ്ഞെടുക്കുന്നു എന്നാണ് ഇതിനെതിരെയുള്ള പ്രധാന വിമർശനം. സൊറായയുടെ വാർത്ത പ്രചരിച്ചതോടെ ഇപ്പോൾ വീണ്ടും ലോകമാകെയും ഈ വിഷയം ചർച്ചയായി മാറിയിരിക്കുകയാണ്.

Related Articles

Back to top button