തോരാ മഴയിൽ അമ്മത്തൊട്ടിലിൽ പുതിയ അഥിതിയെത്തി…. ‘ഋതു’

തിരുവനന്തപുരം: തോരാ മഴയിലെ മൂടിക്കെട്ടിയ അന്തരീക്ഷം.. തിരുവനന്തപുരം തൈക്കാടുള്ള ശിശുക്ഷേമ സമിതിയുടെ അമ്മത്തൊട്ടിലിൽ അലാറം മുഴങ്ങി. അമ്മത്തൊട്ടിലിലെ അമ്മമാരിൽ ഒരാളായ ബിന്ദു ഓടിയെത്തിയപ്പോൾ ഓമനത്തമുള്ളൊരു പെൺകുഞ്ഞ്. ശിശുക്ഷേമ സമിതി അധികൃതർ ഋതുവെന്ന് അവൾക്ക് പേരിട്ടു. ഈമാസം എത്തുന്ന നാലാമത്തെ കുഞ്ഞാണിത്.

അമ്മമാര്‍ ഉപേക്ഷിക്കുന്ന കുഞ്ഞുങ്ങള്‍ക്കുള്ള സുരക്ഷിത കേന്ദ്രമായ അമ്മത്തൊട്ടിലിൽ എത്തുന്ന അറന്നൂറാമത്തെ കുഞ്ഞാണ് ഏഴ് മാസം പ്രായമുള്ള ഋതു. ഈ മാസം എത്തുന്ന നാലാമത്തെ കൺമണി. 2002 നവംബർ 14 നാണ് തിരുവനന്തപുരത്ത് ശിശുക്ഷേമസമിതിക്ക് മുന്നിൽ അമ്മത്തൊട്ടിൽ പ്രവർത്തനമാരംഭിക്കുന്നത്. ആദ്യമെത്തിയവൾക്ക് പ്രഥമ എന്നായിരുന്നു പേര്.

സനാഥത്വത്തിന്‍റെ തണലിലേക്ക് എത്തിയ നൂറാമത്തെ അതിഥിക്ക് പേരിട്ടത് ശതശ്രിയെന്നാണ്. ഈ ആഴ്ച തുടക്കത്തിൽ കനത്ത മഴയത്ത് വന്നുകയറിയ 599-ാമത്തെ അതിഥിക്ക് ‘മഴ’ എന്നായിരുന്നു പേരിട്ടത്. തൊട്ട് പിന്നാലെ ഇതാ ‘ഋതു’വും സ്നേഹ തണലിലേക്ക് എത്തിയിരിക്കുന്നു. കഴിഞ്ഞ പത്ത് മാസത്തിനിടയിൽ തിരുവനന്തപുരത്ത് അമ്മത്തൊട്ടിൽ ലഭിക്കുന്ന 14-ാമത്തെ കുട്ടിയും അഞ്ചാമത്തെ പെൺകുഞ്ഞുമാണ് ‘ഋതു’.

Related Articles

Back to top button